< Back
UAE
Dubai Airports smart gate capacity increased tenfold
UAE

വരി നിന്ന് കുഴങ്ങില്ല; ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് ശേഷി പത്തു മടങ്ങ് വർധിപ്പിച്ചു

Web Desk
|
22 April 2025 10:25 PM IST

ഒരേസമയം പത്ത് യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ ശേഷി 10 മടങ്ങ് വർധിപ്പിച്ചു. ഇതോടെ യാത്രക്കാർക്ക് കൂടുതൽ വരി നിൽക്കാതെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം. ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം വഴിയാണ് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തിക്കുന്നത്.

ദുബൈയിൽ നടന്നുവരുന്ന എഐ വീക്കിലാണ് സ്മാർട്ട് ഗേറ്റുകൾ വർധിപ്പിച്ചത് സംബന്ധിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ് അഥവാ ജിഡിആർഎഫ്എ പ്രഖ്യാപനം നടത്തിയത്. വിമാനത്താവളത്തിലെ സ്മാർട്ട് വേയിലൂടെ ഒരേസമയം പത്ത് യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

ഫേഷ്യൽ റക്കഗ്‌നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്മാർട്ട് ഗേറ്റുകളുടെ പ്രവർത്തനം. യാത്രക്കാർക്ക് പാസ്‌പോർട്ട് അടക്കമുള്ള ഒറിജിനൽ രേഖകളൊന്നുമില്ലാതെ എളുപ്പത്തിൽ ഇമിഗ്രേഷൻ പൂർത്തീകരിച്ച് ഗേറ്റ് വഴി കടന്നുപോകാനാകും. യുഎഇ, ജിസിസി പൗരന്മാർ, യുഎഇയിലെ താമസക്കാർ, ബയോമെട്രിക് പാസ്‌പോർട്ടുള്ള വിസ ഓൺ അറൈവൽ യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം.

ദുബൈയെ ജീവനുള്ള ലബോറട്ടറി എന്നാണ് എഐ വീക്ക് സെമിനാറിൽ അൽ മർറി വിശേഷിപ്പിച്ചത്. ഭാവി രൂപപ്പെടുത്തുന്നതിൽ ദുബൈക്ക് വലിയ പങ്കുണ്ട്. സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts