< Back
UAE
അൽ വസ്ൽ റോഡിന്റെ മുഖച്ഛായ മാറും; വമ്പൻ വികസന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ 
UAE

അൽ വസ്ൽ റോഡിന്റെ മുഖച്ഛായ മാറും; വമ്പൻ വികസന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ 

Web Desk
|
3 Jun 2025 6:01 PM IST

തുരങ്കപാതകൾ, സൈക്കിൾ ട്രാക്കുകൾ, നടപ്പാതകൾ തുടങ്ങിയ സമഗ്രവികസന പദ്ധതിയാണ് പ്രഖ്യാപിച്ചത്.

ദുബൈ: നഗരത്തിലെ പ്രധാന നിരത്തുകളിലൊന്നായ അൽ വസ്ൽ റോഡിന്റെ മുഖച്ഛായ മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി. തുരങ്കപാതകൾ, സൈക്കിൾ ട്രാക്കുകൾ, നടപ്പാതകൾ തുടങ്ങിയ സമഗ്രവികസന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഉമ്മു സുഖൈം, അൽ സഫ സ്ട്രീറ്റുകൾ ഉൾപ്പെടുന്ന മേഖലയിലെ റോഡ് ശൃംഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി അൽ വസ്ൽ റോഡ് നവീകരണ പദ്ധതി പ്രഖ്യാപിച്ചത്. 3580 മീറ്റർ നീളമുള്ള അഞ്ചു തുരങ്കപാതകൾ, ഇരുദിശകളിലേക്കുമായുള്ള മൂന്നുവരിപ്പാത എന്നിവയും പദ്ധതിയിലുണ്ട്. പ്രദേശത്തെ ആറ് ഇന്റർ സെക്ഷനുകളും നവീകരിക്കും. ഉമ്മു സുഖൈം സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് ഇന്റർസെക്ഷൻ വരെ പതിനഞ്ചു കിലോമീറ്റർ നീളുന്നതാണ് പദ്ധതി.

നിർമാണം പൂർത്തിയായാൽ റോഡിന്റെ ഇരുദിശകളിലൂടെയും മണിക്കൂറിൽ പന്ത്രണ്ടായിരം വാഹനങ്ങൾക്ക് കടന്നുപോകാം. യാത്രാ സമയം നിലവിലുള്ളതിനേക്കാൾ പകുതിയായി കുറയുകയും ചെയ്യും. നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, ബൊളിവാഡുകൾ തുടങ്ങിയവ നിർമിച്ച് പ്രദേശത്തെ മനോഹരമാക്കും. ബീച്ചുകൾ, ഹോട്ടലുകൾ, ആഡംബര റസ്റ്ററന്റുകൾ, താമസ മേഖലകൾ എന്നിവ ഉൾപ്പെടുന്ന പ്രദേശത്താണ് പദ്ധതി യാഥാർഥ്യമാകുന്നത്. പത്തു ലക്ഷം പേർക്ക് വികസനത്തിന്റെ ഗുണഫലം ലഭിക്കുമെന്ന് ആർടിഎ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നഗരത്തിലെ മറ്റൊരു പ്രധാന സ്ട്രീറ്റായ ഉമ്മു സുഖൈമിലും ആർടിഎ വമ്പൻ വികസനപദ്ധതി പ്രഖ്യാപിച്ചിരുന്നു. ജുമൈറ സ്ട്രീറ്റ് കവല മുതൽ അൽ ഖൈൽ റോഡ് വരെയുള്ള പാതയാണ് പദ്ധതിയിൽ നവീകരിക്കുന്നത്. പദ്ധതി പൂർത്തിയായാൽ ജുമൈറ സ്ട്രീറ്റിനും അൽഖൈൽ റോഡിനും ഇടയിലുള്ള യാത്രാസമയം 20 മിനിറ്റിൽ നിന്ന് ആറു മിനിറ്റായി കുറയും.

Similar Posts