< Back
UAE
Dubai court ruling hits back at NMC Healthcare Group founder B.R. Shetty
UAE

എസ്ബിഐക്ക് ബിആർ ഷെട്ടി 4.076 ശതകോടി ഇന്ത്യൻ രൂപ നൽകണം: വ്യാജ സത്യവാങ്മൂലം നൽകിയ കേസിൽ ദുബൈ കോടതി

Web Desk
|
14 Oct 2025 5:50 PM IST

ഷെട്ടിയുടെ സാക്ഷ്യം 'അവിശ്വസനീയ നുണകളുടെ ഘോഷയാത്ര'യാണെന്ന് ജസ്റ്റിസ് ആൻഡ്രൂ മോറാൻ

ദുബൈ: പൊളിഞ്ഞുപോയ എൻഎംസി ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ സ്ഥാപകനായ ബി.ആർ. ഷെട്ടിക്ക് തിരിച്ചടിയായി ദുബൈ കോടതി വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്സി ബ്രാഞ്ചി) ന് 45.99 ദശലക്ഷം ഡോളർ (168.7 ദശലക്ഷം ദിർഹം) അഥവാ ഏകദേശം 4.076 ശതകോടി ഇന്ത്യൻ രൂപ നൽകാൻ ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) കോടതി ഉത്തരവിട്ടു. 50 ദശലക്ഷം ഡോളർ (183.5 ദശലക്ഷം ദിർഹം) വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടതിനെക്കുറിച്ച് വ്യാജ സത്യവാങ്മൂലം നൽകിയ കേസിലാണ് തിരിച്ചടി.

യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ സംരംഭകരിൽ ഒരാളായി പ്രശംസിക്കപ്പെട്ടയാളായിരുന്നു ബി.ആർ. ഷെട്ടി. ഒക്ടോബർ എട്ടിനാണ് ഷെട്ടിക്കെതിരെയുള്ള വിധി പുറപ്പെടുവിച്ചത്. ഡിഐഎഫ്സി കോടതിയുടെ വെബ്സൈറ്റിൽ വിധി ലഭ്യമാണ്. ഷെട്ടിയുടെ സാക്ഷ്യത്തെ 'അവിശ്വസനീയ നുണകളുടെ ഘോഷയാത്ര'യെന്നാണ് ജസ്റ്റിസ് ആൻഡ്രൂ മോറാൻ വിമർശിക്കുന്നത്. സെപ്റ്റംബർ 29 ലെ വാദം കേൾക്കലിനിടെ അദ്ദേഹം നൽകിയ തെളിവുകൾ പൊരുത്തമില്ലാത്തതും അസംബന്ധവുമാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

2018 ഡിസംബറിൽ ഷെട്ടി ഗ്യാരണ്ടിയിൽ ഒപ്പിട്ടിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സാക്ഷികളും തെളിവുകളും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കടത്തിന് വ്യക്തിപരമായി അദ്ദേഹം ബാധ്യസ്ഥനാണെന്നും കണ്ടെത്തി. വിധി തീയതി വരെയുള്ള പലിശ ഉൾപ്പെടെ ഷെട്ടി അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

2018 ഡിസംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻഎംസി ഹെൽത്ത് കെയറിന് അനുവദിച്ച 50 ദശലക്ഷം ഡോളർ (183.5 ദശലക്ഷം ദിർഹം) വായ്പയ്ക്ക് ഷെട്ടി വ്യക്തിപരമായി ഗ്യാരണ്ടി നൽകിയോ എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. ബാങ്ക് സിഇഒയെ കാണുകയോ ഏതെങ്കിലും രേഖയിൽ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് ഷെട്ടി അവകാശപ്പെട്ടു. തന്റെ ഒപ്പ് വ്യാജമാണെന്നും അവകാശപ്പെട്ടു. എന്നാൽ ഫോട്ടോഗ്രാഫുകൾ, മീറ്റിംഗ് നോട്ടുകൾ, ഷെട്ടിയുടെ സ്വന്തം അക്കൗണ്ടിൽ നിന്നുള്ള ഇമെയിൽ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കപ്പെട്ടു.

2018 ഡിസംബർ 25 ന് എൻഎംസിയുടെ അബൂദബി ഓഫീസുകളിലേക്ക് താൻ പോയതായി ബാങ്കിന്റെ അന്നത്തെ സിഇഒ അനന്ത ഷേണായി സാക്ഷ്യപ്പെടുത്തി. അവിടെ ഷെട്ടി തന്റെ സാന്നിധ്യത്തിൽ ഗ്യാരണ്ടിയിൽ ഒപ്പിട്ടതായും വ്യക്തമാക്കി. ആഴ്ചകൾക്ക് ശേഷം എൻഎംസിയുടെ ഓഫീസുകളിൽനിന്ന് എടുത്ത ഫോട്ടോകളും അദ്ദേഹം ഹാജരാക്കി, മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരോട് സേവനത്തിന് ഷെട്ടി നന്ദി പറയുന്നതായിരുന്നു ഫോട്ടോകൾ. എന്നാൽ ചെയർമാനുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ഉദ്യോഗസ്ഥർ 'അവിടെ വന്ന് നിന്നിരിക്കാം' എന്നായിരുന്നു ഷെട്ടിയുടെ വിചിത്ര അവകാശവാദങ്ങൾ.

എന്നാൽ ഷെട്ടിയുടെ വിശദീകരണങ്ങൾ കോടതി തള്ളിക്കളഞ്ഞു. ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ നിർമിച്ചെടുത്ത കുതന്ത്രങ്ങളാണെന്ന് കുറ്റപ്പെടുത്തി. ഷെട്ടിയുടെ ഒപ്പ് ആർക്കാണ് ഏറ്റവും നന്നായി പകർത്താൻ കഴിയുകയെന്ന മത്സരം എൻഎംസി ജീവനക്കാർ നടത്തിയിരുന്നുവെന്ന വിചിത്ര വാദത്തെയും ജഡ്ജി തള്ളിക്കളഞ്ഞു.

Similar Posts