< Back
UAE
Dubai Courts welcome 35 new judges in ceremony led by Sheikh Mohammed
UAE

ദുബൈയിൽ 35 ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

Web Desk
|
6 Jan 2026 8:47 PM IST

ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്

ദുബൈ: ദുബൈ കോടതികളിലേക്ക് 35 ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദുബൈ സബീൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു. പുതിയ പദവികളിൽ ജഡ്ജിമാർക്ക് വിജയകരമായി പ്രവർത്തിക്കാനാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നീതിയും അഖണ്ഡതയും ഉയർത്തിപ്പിടിക്കണമെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സ്വതന്ത്രമായ ജുഡീഷ്യറി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ധനകാര്യ മന്ത്രി, ദുബൈ ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ്, ദുബൈ എയർപോർട്ട്സ് ചെയർമാൻ, എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയർപ്പിച്ച ജഡ്ജിമാർ നീതിയുക്തമായി തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമെന്ന് ഉറപ്പു നൽകി. ദുബൈ എമിറേറ്റ് അറ്റോർണി ജനറൽ കൗൺസിലർ ഈസ ഇസ്സ അൽ ഹുമൈദാൻ, ദുബൈ കോടതികളുടെ ഡയറക്ടർ ജനറൽ ഡോ. സൈഫ് ഘാനിം അൽ സുവൈദി, ദുബൈ കോടതികളുടെ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ഖാദർ മൂസ മുഹമ്മദ്, ദുബൈ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ.അബ്ദുല്ല സൈഫ് അൽ സബൂസി എന്നിവരും ചടങ്ങിൽ ഭാ​ഗമായി.

Similar Posts