< Back
UAE
UAE
ദുബൈ ആശുപത്രിയിൽ റോബോട്ടിക് സർജറി; ഡാവിഞ്ചി എക്സ് ഐ റോബോട്ട് ആദ്യ സർജറി നടത്തി
|19 May 2022 10:14 PM IST
22 കാരനായ യുവാവിന്‍റെ മൂത്രനാളത്തിലെ തടസം നീക്കുന്നതിനാണ് റോബോട്ടിന്‍റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയത്
ദുബൈ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ഇനി അത്യാധൂനിക റോബോട്ടുകൾ. ഏറ്റവും വേദന കുറച്ച്, കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയുന്ന റോബോട്ടുകളാണ് ഇവിടെ സർജൻമാരെ സഹായിക്കുക.
ഡാവിഞ്ചി എക്സ് ഐ എന്ന സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെയുള്ള ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം ദുബൈ ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. 22 കാരനായ സ്വദേശി യുവാവിന്‍റെ മൂത്രനാളത്തിലെ തടസം നീക്കുന്നതിനാണ് റോബോട്ടിന്‍റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയത്. യൂറോളജി വിഭാഗം മേധാവിയും റോബോട്ടിക് സർജനുമായ ഡോ. യാസർ അഹമ്മദ് ആൽ സഈദിയുടെ നേതൃത്വത്തിൽ രണ്ടുമണിക്കൂറോളം ശസ്ത്രക്രിയ നീണ്ടുനിന്നു.
വൃക്കരോഗവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുള്ള രോഗിയെ ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യാൻ കഴിയുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.