< Back
UAE
Dubai KMCC Mega Blood Donation Camp on May 4th
UAE

ദുബൈ കെഎംസിസി മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് മെയ് നാലിന്

Web Desk
|
17 April 2025 10:39 PM IST

5000 യൂണിറ്റ് രക്തദാനം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിക്കും

ദുബൈ: ദുബൈ കെഎംസിസി, കൈൻഡ്‌നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ചു കൊണ്ട് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ''ഡോണേറ്റ് ബ്ലഡ്, സേവ് ലൈവ്‌സ്'' എന്ന പ്രമേയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജദാഫിലുള്ള ദുബൈ ബ്ലഡ് ഡോണേഷൻ സെന്ററിൽ മെയ് 4 ഞായറാഴ്ച, രാവിലെ 8:30 മുതൽ ഉച്ചക്ക് 2:30 വരെയാണ് ക്യാമ്പ്. അയ്യായിരം യൂണിറ്റ് രക്തദാനം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.

ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികൾ, ജില്ലാ, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികൾ, വനിത കെഎംസിസി ഭാരവാഹികൾ, ഹാപ്പിനെസ്സ് ടീം അംഗങ്ങൾ, കെഎംസിസി പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിൽ സംബന്ധിച്ചു രക്തദാനം ചെയ്യും. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സൗജന്യ ബസ് ഉണ്ടായിരിക്കും. രക്തദാനം ചെയ്യാൻ എത്തുന്നവർക്കു രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ കെഎംസിസിയുടെ സമ്മാനങ്ങൾ ഉണ്ടായിരിക്കും.

രക്തദാനം സമാനതകളില്ലാതെ പ്രവർത്തനമാണെന്നും മറ്റൊരാൾക്ക് നൽകുന്ന മഹത്തായ സേവനമാണെന്നും മെയ് 4-ന് സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ മുഴുവൻ ഭാരവാഹികളും പങ്കെടുത്തു പദ്ധതി വൻ വിജയമാക്കണമെന്നും ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര, ട്രഷറർ പി കെ ഇസ്മായിൽ എന്നിവർ പറഞ്ഞു.

അബൂഹൈൽ കെഎംസിസി ആസ്ഥാനത്ത് നടന്ന യോഗത്തിൽ മെഡിക്കൽ ആൻഡ് ഇൻഷുറൻസ് വിങ് ചെയർമാൻ എ.സി. ഇസ്മായിൽ അധ്യക്ഷതവഹിച്ചു. ദുബൈ കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ പിവി നാസർ, അഫ്‌സൽ മെട്ടമ്മൽ, അൻവർ ഷാദ് വയനാട്, സലാം കന്യപ്പാടി, അഹമ്മദ്ഗനി, അൻവർ ഷുഹൈൽ, ഷാജഹാൻ കൊല്ലം, ഡോക്ടർ ഇസ്മായിൽ, മുഹമ്മദ് ഹുസൈൻ, ഷൗക്കത്ത് അലി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ ഹംസ തൊട്ടി സ്വാഗതവും എം.വി. നിസാർ നന്ദിയും പറഞ്ഞു.

Similar Posts