< Back
UAE
Dubai-Sharja ferry service will restart from august
UAE

ദുബൈ-ഷാർജ ഫെറി സർവീസ് പുനരാരംഭിക്കുന്നു

Web Desk
|
25 July 2023 10:08 PM IST

ദുബൈയിലെ അൽ ഗുബൈബ സ്റ്റേഷനും ഷാർജയിലെ അക്വേറിയം സ്റ്റേഷനുമിടക്കാണ് ഫെറി സർവീസ് നടത്തുന്നത്.

ദുബൈ-ഷാർജ ഫെറി സർവീസ് പുനരാരംഭിക്കുന്നു. ആഗസ്റ്റ് നാല് മുതലാണ് ഫെറി സർവീസ് വീണ്ടും തുടങ്ങുക. കോവിഡിനെ തുടർന്ന് 2019 ൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ദുബൈയിലെ അൽ ഗുബൈബ സ്റ്റേഷനും ഷാർജയിലെ അക്വേറിയം സ്റ്റേഷനുമിടക്കാണ് ഫെറി സർവീസ് നടത്തുന്നത്. റോഡിൽ ഗതാഗത തിരക്കേറിയ സമയത്ത് ഇരു എമിറേറ്റിനുമിടക്ക് യാത്ര ചെയ്യേണ്ടവർക്ക് ആശ്വാസമാണ് ഈ ജലപാത യാത്ര. 35 മിനിറ്റുകൊണ്ട് ദുബൈയിൽനിന്ന് ഷാർജയിലെത്താം. തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി ദിവസങ്ങളിൽ എട്ട് സർവീസുണ്ടാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആറ് സർവീസുമാണുള്ളത്.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഷാർജയിൽനിന്ന് ദുബൈയിലേക്ക് ഏഴ് മണിക്കും എട്ടരക്കും ഫെറി പുറപ്പെടും. ദുബൈയിൽ നിന്ന് രാവിലെ ഷാർജയിലേക്ക് ഒറ്റ സർവീസാണുള്ളത്. ഈ ഫെറി 7.45ന് യാത്രതിരിക്കും. വൈകുന്നേരം ദുബൈയിൽനിന്ന് നാല് മണിക്കും. 5.30നും ഏഴ് മണിക്കും മൂന്ന് ഫെറികൾ ഷാർജയിലേക്ക് പുറപ്പെടും. ഷാർജയിൽനിന്ന് വൈകുന്നേരം ദുബൈയിലേക്ക് രണ്ട് ഫെറി സർവീസുണ്ട്. ഒന്ന് 4.45നും 6.15നും പുറപ്പെടും. വെള്ളി, ശനി ഞായർ, ദിവസങ്ങളിൽ ഷാർജയിൽ നിന്ന് ദുബൈയിലേക്ക് ഉച്ചക്ക് രണ്ടിനും വൈകുന്നേരം നാലിനും ആറ് മണിക്കും ഫെറി സർവീസ് നടത്തും. ദുബൈയിൽ നിന്ന് ഷാർജയിലേക്ക് വൈകീട്ട് മൂന്നിനും. അഞ്ചിനും രാത്രി എട്ടിനും ഫെറി പുറപ്പെടും.

സിൽവർ ക്ലാസിൽ 15 ദിർഹമാണ് ടിക്കറ്റ് നിരക്ക്, ഗോൾഡ് ക്ലാസിൽ 25 ദിർഹമാകും. നോൽകാർഡ് വഴിയോ, സ്റ്റേഷനിലെ സർവീസ് ഡെസ്‌കിലോ ടിക്കറ്റിന് പണം നൽകാമെന്ന് ആർ.ടി.എ അറിയിച്ചു.

Similar Posts