< Back
UAE
Eight Muslim countries oppose Israels claim of West Bank as state land
UAE

വെസ്റ്റ് ബാങ്ക് 'സ്‌റ്റേറ്റ് ഭൂമി'യെന്ന് ഇസ്രായേൽ; എതിർത്ത് എട്ട് മുസ്‌ലിം രാജ്യങ്ങൾ

Web Desk
|
17 Feb 2026 5:35 PM IST

യുഎഇ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്താൻ, സൗദി, ഖത്തർ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിറക്കി

അബൂദബി: വെസ്റ്റ് ബാങ്ക് 'സ്‌റ്റേറ്റ് ഭൂമി'യാണെന്ന ഇസ്രായേൽ അവകാശവാദത്തിനെതിരെ എട്ട് മുസ്‌ലിം രാജ്യങ്ങൾ. യുഎഇ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വിഷയത്തിൽ സംയുക്ത പ്രസ്താവന പുറത്തിറക്കി.

1967 ന് ശേഷം ആദ്യമായി അധിനിവേശ വെസ്റ്റ് ബാങ്കിൽ ഭൂമിയുടെ ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്യാനും സ്ഥിരതാമസമാക്കാനുമുള്ള നടപടിക്രമങ്ങൾ അംഗീകരിക്കാനും ഇസ്രായേൽ തീരുമാനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം രാജ്യങ്ങൾ എതിർത്ത് രംഗത്തുവന്നത്.

നിയമവിരുദ്ധ കുടിയേറ്റം വർധിപ്പിക്കുക, ഭൂമി കണ്ടുകെട്ടുക, ഇസ്രായേലി നിയന്ത്രണം സ്ഥാപിക്കുക, അധിനിവേശ ഫലസ്തീൻ പ്രദേശത്ത് നിയമവിരുദ്ധ ഇസ്രായേലി പരമാധികാരം പ്രയോഗിക്കുക, ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾക്ക് തുരങ്കം വയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ നിയമവിരുദ്ധ നടപടി. ഈ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടുന്നു.

ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും 1967 ജൂൺ നാലിലെ അതിർത്തി പ്രകാരം കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്ന് മന്ത്രിമാർ ആഹ്വാനം ചെയ്തു.

Similar Posts