
അൽപ്പം മധുരമാകാം... അല്ലേ...; യാത്രികർക്ക് ദീപാവലി പലഹാരങ്ങൾ നൽകാൻ എമിറേറ്റ്‌സ്
|ഒക്ടോബർ 17 മുതൽ 24 വരെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ വിനോദവും മധുരവും
ദുബൈ: വിമാനത്തിലെ യാത്രികർക്ക് ദീപാവലി പലഹാരങ്ങൾ നൽകാൻ ഒരുങ്ങി എമിറേറ്റ്‌സ്. ഒക്ടോബർ 17 മുതൽ 24 വരെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ കൂടുതൽ വിനോദാവസരങ്ങളും മധുരവിതരണവും ഒരുക്കാനാണ് പദ്ധതി.
ദുബൈയിൽ നിന്നും അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, തിരുവനന്തപുരം, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്ക് തിരിച്ച് ദുബൈയിലേക്കുമുള്ള യാത്രക്കാർക്ക് എല്ലാ ക്ലാസുകളിലും തിരഞ്ഞെടുത്ത ലോഞ്ചുകളിലും ദീപാവലി മധുരം വിളമ്പും.
പ്രീമിയം ഇക്കണോമി, ഇക്കണോമി ക്ലാസ് ഉപഭോക്താക്കൾക്ക് അവരുടെ ഭക്ഷണത്തോടൊപ്പം പരമ്പരാഗത മധുരപലഹാരമായ മോട്ടിച്ചൂർ ലഡ്ഡു ആസ്വദിക്കാം. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ഉപഭോക്താക്കൾക്ക് കാജു പിസ്ത റോൾ ലഭിക്കും.
ദീപാവലി പ്രമാണിച്ച് കൂടുതൽ വിനോദവും
ദീപാവലി പ്രമാണിച്ച് വിമാനയാത്രയിൽ കൂടുതൽ വിനോദം ആസ്വദിക്കാം. ലാപതാ ലേഡീസ്, ക്രാക്‌സി, ജിഗ്ര, ദി ലോസ്റ്റ് ഗേൾ, അപൂർവ്വ തുടങ്ങിയ ബോളിവുഡ് സിനിമകൾ ഉൾപ്പെടെ 167 ഇന്ത്യൻ സിനിമകൾ യാത്രികർക്ക് അവരുടെ വിമാന യാത്രയിൽ കാണാം.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, മറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, ഗുജറാത്തി എന്നീ ഒമ്പത് ഭാഷകളിലായി ഇന്ത്യൻ പ്രാദേശിക സിനിമകളുടെ വിപുല ശേഖരം ഇൻഫ്‌ളൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റത്തിലുണ്ട്. 14 ഇന്ത്യൻ ടിവി പ്രോഗ്രാമുകൾ കാണാനും ഉപഭോക്താക്കൾക്ക് കഴിയും. 40 ഇന്ത്യൻ ആൽബങ്ങളും പ്ലേലിസ്റ്റുകളും ബ്രൗസ് ചെയ്യാം.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിൽ ക്ലാസിക് ഡെസേർട്ടുകൾ
ദുബൈയിലെ എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിൽ, ഉപഭോക്താക്കൾക്ക് മാംഗോ സാൻഡ്വിച്ച്, വിവിധ ദീപാവലി മധുരപലഹാരങ്ങൾ, ഒനിയൻ കച്ചോഡി, പനീർ പൊട്ട്‌ലി സമോസ തുടങ്ങിയവ ആസ്വദിക്കാം.