< Back
UAE
ഇത്തിഹാദ് റെയിൽ ശൃംഖല: ദുബൈ-അബൂദബി പാളം നിര്‍മാണം പൂർത്തിയായി
UAE

ഇത്തിഹാദ് റെയിൽ ശൃംഖല: ദുബൈ-അബൂദബി പാളം നിര്‍മാണം പൂർത്തിയായി

ijas
|
2 March 2022 11:04 PM IST

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 400 പേർക്കാണ് സഞ്ചരിക്കാൻ കഴിയുക

ഇത്തിഹാദ് റെയിൽ ശൃംഖലയിൽ അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന പാളത്തിന്‍റെ നിർമാണം പൂർത്തിയായി. അബൂദബിയിലെ സൗദി അതിർത്തിയിൽ തുടങ്ങി ഫുജൈറ വരെ നീളുന്നതാണ് ഇത്തിഹാദ് റെയിൽവേ. യു.എ.ഇയുടെ 11 നഗരങ്ങളെയാണ് ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുക. യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മഖ്തൂമും ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദും ചേർന്നാണ് അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന പാളത്തിന്‍റെ അവസാനഭാഗം കൂട്ടി ചേർത്തത്. ദേശീയ റെയിൽ ശൃംഖലയുടെ സുപ്രധാന ഘട്ടമാണ് ഇതിലൂടെ പൂർത്തിയായതെന്ന് ശൈഖ് മഖ്തൂം പറഞ്ഞു.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 400 പേർക്കാണ് സഞ്ചരിക്കാൻ കഴിയുക. അബൂദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ റെയിൽ നീളും. ഇതിന്‍റെ നിർമാണം താമസിയാതെ പൂർത്തിയാകും. 2030 ഓടെ പ്രതിവർഷം മൂന്നരക്കോടി ആളുകൾക്ക് സഞ്ചാര അവസരം നൽകാനാണ് അധികൃതരുടെ തീരുമാനം. 256 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. 29 പാലങ്ങളും 60 ക്രോസിങ്ങുകളും 137 മലിനജല സംവിധാനങ്ങളും പാതയിൽ ഒരുക്കിയിട്ടുണ്ട്. 13300 തൊഴിലാളികൾ 47 ദശലക്ഷം മണിക്കൂറുകൾ ജോലി ചെയ്താണ് റെയിൽവേ ശൃംഖല പൂർത്തിയാക്കിയതെന്ന് അബൂദബി മീഡിയാ ഓഫിസ് അറിയിച്ചു. നിർമാണം പൂർത്തിയായ അബൂദബി-ദുബൈ റെയിൽപാതയിലൂടെ എന്നാണ് സർവീസ് തുടങ്ങുകയെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Similar Posts