< Back
UAE
യുഎഇയിൽ നഴ്‌സിങ് ലൈസൻസിന് ഇളവ്; രണ്ടുവർഷത്തെ പ്രവൃത്തിപരിചയം  നിബന്ധന ഒഴിവാക്കി
UAE

യുഎഇയിൽ നഴ്‌സിങ് ലൈസൻസിന് ഇളവ്; രണ്ടുവർഷത്തെ പ്രവൃത്തിപരിചയം നിബന്ധന ഒഴിവാക്കി

Web Desk
|
18 July 2022 9:33 PM IST

രാജ്യത്തെ മുഴുവൻ എമിറേറ്റിലും നഴ്‌സിങ് ബിരുദധാരികൾക്ക് പ്രവൃത്തിപരിചയമില്ലാതെ തന്നെ ലൈസൻസ് നേടാനുള്ള പരീക്ഷയെഴുതാം. ലാബ് ടെക്‌നീഷ്യൻമാർക്കും ഈ ഇളവ് ലഭ്യമാണ്.

ദുബൈ: നഴ്‌സിങ് ലൈസൻസ് നേടാൻ കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന യുഎഇ ഒഴിവാക്കി. രാജ്യത്തെ മുഴുവൻ എമിറേറ്റിലും നഴ്‌സിങ് ബിരുദധാരികൾക്ക് പ്രവൃത്തിപരിചയമില്ലാതെ തന്നെ ലൈസൻസ് നേടാനുള്ള പരീക്ഷയെഴുതാം. ലാബ് ടെക്‌നീഷ്യൻമാർക്കും ഈ ഇളവ് ലഭ്യമാണ്.

യുഎഇയിലെ ആരോഗ്യരംഗത്ത് നിയമിക്കുന്നവരുടെ വിദ്യാഭ്യാസ, പ്രഫഷണൽ യോഗ്യത ഏകീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. മെഡിക്കൽ ജീവനക്കാർക്ക് ലൈസൻസ് നൽകുന്ന ആരോഗ്യമന്ത്രാലയം, അബൂദബി ആരോഗ്യവകുപ്പ്, ദുബൈ ഹെൽത്ത് അതോറിറ്റി, ഷാർജ ഹെൽത്ത് അതോറിറ്റി എന്നിവയുടെല്ലാം പരീക്ഷകൾക്ക് പുതിയ ഇളവ് ബാധകമായിരിക്കും. നഴ്‌സിങ് ബിരുദപഠനം പൂർത്തിയാക്കിയ രജിസ്റ്റേർഡ് നഴ്‌സുമാർക്ക് രണ്ടുവർഷം പ്രവർത്തനപരിചയമില്ലാതെ തന്നെ പരീക്ഷയെഴുതാം. രണ്ടുവർഷത്തെ നഴ്‌സിങ് ബിരുദ കോഴ്‌സ് പൂർത്തിയാക്കിയ കാനഡ, യു.കെ, അയർലന്റ്, സൗത്ത് ആഫ്രിക്ക, ന്യൂസിലന്റ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെ രജിസ്‌ട്രേഡ് നഴ്‌സുമാർക്കും പ്രവൃത്തി പരിചയമില്ലാതെ ലൈസൻസിന് അപേക്ഷിക്കാം.

18 മാസത്തെ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയ അസിസ്റ്റന്റ് നഴ്‌സുമാർക്കും രണ്ട് വർഷത്തെ എക്‌സ്പീരിയൻസില്ലാതെ ലൈസൻസിന് പരീക്ഷയെഴുതാനാകും. ബിരുദവും ഡിപ്ലോമയും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നുമായിരിക്കണം. മെഡിക്കൽ ലാബ് ടെക്‌നീഷ്യൻമാർക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് രണ്ടുവർഷത്തിൽ കുറയാത്ത ക്ലിനിക്കൽ പരിശീലനത്തോടെയുള്ള ഡിപ്ലോമയോ, ബയോ ടെക്‌നോളജി, ബയോ മെഡിക്കൽ സയൻസ്, മെഡിക്കൽ ലാബ് ടെക്‌നോളജി, മെഡിക്കൽ ലാബറട്ടറി സയൻസ് എന്നിവിയിൽ ബിഎസ്‌സി ബിരുദമോ നേടിയവരാകണം. ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന നഴ്‌സിങ്, ലാബ്‌ടെക്‌നീഷ്യൻ ഉദ്യോഗാർഥികൾക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം.

Related Tags :
Similar Posts