< Back
UAE

UAE
കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ പ്രവാസിക്ക് യുഎഇയില്‍ വധശിക്ഷ
|13 March 2022 11:22 AM IST
യുഎഇയില്‍ ഒരേ മുറിയില്‍ താമസിച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ ആഫ്രിക്കന്‍ സ്വദേശിക്ക് വധശിക്ഷ വിധിച്ചു. ഉമ്മുല്‍ ഖുവൈനിലെ മിസ്ഡിമെയ്നര്‍ കോടതിയാണ് 35 കാരന് ശിക്ഷ വിധിച്ചത്.
കൊല്ലപ്പെട്ട 45 കാരന്റെ നെഞ്ചില്‍ കൈകൊണ്ട് ആവര്‍ത്തിച്ചു കുത്തിയതാണ് മരണത്തിന് കാരണമായത്. ഇരുവരും ഉമ്മുല്‍ ഖുവൈനിലെ അല്‍ ഹംറ ജില്ലയില്‍ വാടക വീടെടുത്ത് ഒരേ മുറിയില്‍ താമസിച്ചു വരികയായിരുന്നു. സ്വന്തം രാജ്യക്കാരായ മറ്റ് ചിലരും ഇവരോടൊപ്പം മുറി പങ്കിട്ടിരുന്നു.
ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രതി ഇയാളെ ശല്യപ്പെടുത്തിയതാണ് തര്‍ക്കത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കി. ഇതിനെ തുടര്‍ന്നുണ്ടായ കൈയാങ്കളിയാണ് പിന്നീട് ഒരാളുടെ മരണത്തില്‍ കലാശിച്ചത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കൂടെയുള്ളവര്‍ പോലീസ് എത്തുന്നതുവരെ തടഞ്ഞു വയ്ക്കുകയായിരുന്നു.