< Back
UAE
പ്രവാസികൾക്ക് ആഹ്ലാദം; ദുബൈയിൽ ഐഐഎം വരുന്നു
UAE

പ്രവാസികൾക്ക് ആഹ്ലാദം; ദുബൈയിൽ ഐഐഎം വരുന്നു

Web Desk
|
9 April 2025 3:47 PM IST

ഐഐഎം അഹമ്മദാബാദാണ് ദുബൈയിൽ രാജ്യാന്തര ക്യാംപസ് തുടങ്ങുക

ദുബൈ: ഇന്ത്യയിലെ പ്രീമിയം മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് ദുബൈയിൽ ക്യാംപസ് വരുന്നു. ഐഐഎം അഹമ്മദാബാദാണ് ദുബൈയിൽ രാജ്യാന്തര ക്യാംപസ് തുടങ്ങുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ (ഐഐഎഫ്ടി) ആദ്യ ക്യാമ്പസും ദുബൈയിൽ ആരംഭിക്കും.

അഹമ്മദാബാദ് ഐഐഎം ഡയറക്ടർ പ്രൊഫസർ ഭാരത് ഭാസ്കർ, ദുബൈ ഡിപാർട്മെന്റ് ഓഫ് ഇകോണമി ആന്റ് ടൂറിസം ഡയറക്ടർ ജനറൽ ഹെലാൽ സഈദ് അൽ മർറി എന്നിവരാണ് ഐഐഎമ്മുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഒരു വർഷത്തെ മുഴുസമയ എംബിഎ പ്രോഗ്രാം നൽകുന്ന സ്ഥാപനമാകും ദുബൈ ഐഐഎം. വർക്കിങ് പ്രൊഫഷണലുകൾക്കും സംരംഭകർക്കും കോഴ്സിൽ ചേരാനാകും.

ജിമാറ്റ്, ജിആർഇ എന്നിവയിൽ ഏതെങ്കിലും പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പ്രവേശനം. അഞ്ചു ടേമുകളാണ് കോഴ്സിന്റെ ദൈർഘ്യം. 2025 സെപ്തംബറിൽ ആദ്യ ബാച്ച് ആരംഭിക്കും. ഇന്ത്യക്ക് പുറത്ത് ക്യാംപസ് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ഐഐഎമ്മാണ് അഹമ്മദാബാദിന്റേത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)ക്ക് പിന്നാലെയാണ് ഐഐഎമ്മും യുഎഇയിലെത്തുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഡൽഹി ഐഐടിയുടെ ക്യാംപസ് അബൂദബിയിൽ പ്രവർത്തനം തുടങ്ങിയത്. വിദ്യാഭ്യാസ മേഖലയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഐഐഎം ക്യാമ്പസ്. തദ്ദേശീയർക്കൊപ്പം യുഎഇയിലെ പ്രവാസി സമൂഹത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ക്യാമ്പസ് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Tags :
Similar Posts