< Back
UAE
Facial recognition system in Abu Dhabi hotels
UAE

മുഖം കാണിച്ചാൽ മതി, മുറി റെഡി; അബൂദബി ഹോട്ടലുകളിൽ ഫേഷ്യൽ റക്കഗ്‌നിഷൻ സംവിധാനം

Web Desk
|
30 April 2025 10:30 PM IST

മുഖം ഉപയോഗിച്ചുള്ള തിരിച്ചറിയൽ സംവിധാനം നിർബന്ധമാക്കാൻ അബൂദബി

അബൂദബി: എമിറേറ്റിലെ എല്ലാ ഹോട്ടലുകളിലും മുഖം ഉപയോഗിച്ചുള്ള തിരിച്ചറിയൽ സംവിധാനം നിർബന്ധമാക്കാൻ അബൂദബി. ടൂറിസം മന്ത്രാലയവും താമസ കുടിയേറ്റ വകുപ്പും ചേർന്നാണ് ഫേഷ്യൽ റക്കഗ്‌നിഷൻ പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

എമിറേറ്റിലെത്തുന്ന സന്ദർശകരുടെയും ഹോട്ടൽ ജീവനക്കാരുടെയും സുരക്ഷ ലക്ഷ്യമിട്ടാണ് ഫേഷ്യൽ റക്കഗ്‌നിഷൻ സംവിധാനം അവതരിപ്പിക്കാനുള്ള അബൂദബിയുടെ തീരുമാനം. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്നു വരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ സാംസ്‌കാരിക, ടൂറിസം മന്ത്രാലയവും താമസ കുടിയേറ്റ വകുപ്പും ഒപ്പുവച്ചു.

അബൂദബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടത്തിൽ ഫോർ സ്റ്റാർ ഹോട്ടലുകളിലേക്കും പിന്നീട് മറ്റെല്ലാ താമസ സംവിധാനങ്ങളിലേക്കും വ്യാപിപ്പിക്കും. പുതിയ സംവിധാനം വരുന്നതോടെ ചെക്ക് ഇന്നിനും ചെക്ക് ഔട്ടിനും ഒറിജിനൽ രേഖകളൊന്നും വേണ്ടി വരില്ല. നടപടിക്രമങ്ങൾ ലളിതമാകുകയും ചെയ്യും.

ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ തന്നെ അതിഥികളുടെ വിവരങ്ങൾ താമസ കുടിയേറ്റ വകുപ്പിന്റെ കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് കൈമാറും. താമസക്കാർക്ക് മുറികൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളെല്ലാം പിന്നീട് ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കൈകാര്യം ചെയ്യാം.

എമിറേറ്റിലെ വിമാനത്താവളങ്ങളിൽ നിലവിൽ ഫേഷ്യൽ റക്കഗ്‌നിഷൻ സംവിധാനം ഉപയോഗിച്ചു വരുന്നുണ്ട്. സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്‌സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നതും ഗവണ്മെന്റിന്റെ പരിഗണനയിലുണ്ട്.

Similar Posts