
കുടലിൽ ഒളിപ്പിച്ച് 50 ലക്ഷം ദിർഹത്തിന്റെ കൊക്കെയ്ൻ, അബൂദബിയിൽ വിദേശി പിടിയിൽ
|അബൂദബി: അബൂദബി വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. അമ്പത് ലക്ഷം ദിർഹം വില വരുന്ന കൊക്കെയ്നുമായി വിദേശിയാണ് പിടിയിലായത്. ദക്ഷിണ അമേരിക്കൻ രാജ്യത്തു നിന്നാണ് ഇയാൾ യുഎഇയിലെത്തിയത്.
1.2 കിലോഗ്രാം തൂക്കം വരുന്ന 89 കൊക്കെയ്ൻ ഗുളികകളാണ് അബൂദബി കസ്റ്റംസ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. ദക്ഷിണ അമേരിക്കൻ രാജ്യത്തു നിന്ന് സായിദ് വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളുടെ കുടലിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പതിവു പരിശോധനയിൽ അസാധാരണമായതെന്തോ കണ്ടെത്തിയ കസ്റ്റംസ്, ഇയാളെ ഹൈടെക് സ്കാനിങ് അടക്കമുള്ള ഇൻസ്പെക്ഷന് വിധേയമാക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഇയാളെ മെഡിക്കൽ അതോറിറ്റിക്ക് കൈമാറി. ഇവർ ഒളിപ്പിച്ച ഗുളികകൾ പുറത്തെടുക്കുകയായിരുന്നു. ലഹരിക്കടത്ത് കണ്ടെത്തിയ ഉദ്യോഗസ്ഥരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്സ് അനുമോദിച്ചു. കഴിഞ്ഞയാഴ്ച അഞ്ചു കിലോ കഞ്ചാവ് കടത്താനുള്ള ശ്രമവും അബൂദബി കസ്റ്റംസ് തകർത്തിരുന്നു.