< Back
UAE
Forensic results have been released on the death of Athulya, a Malayali, in Sharjah.
UAE

അതുല്യ ജീവനൊടുക്കിയത്; ഷാർജയിലെ മലയാളിയുടെ മരണത്തിൽ ഫോറൻസിക് ഫലം പുറത്ത്

Web Desk
|
28 July 2025 6:51 PM IST

ഷാർജയിലുള്ള അതുല്യയുടെ സഹോദരിക്ക്‌ അധികൃതർ ഫോറൻസിക് ഫലം കൈമാറി

ഷാർജ: യുഎഇയിലെ ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യ(30)യുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് ഫലം. ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ഫോറൻസിക് ഫലം അധികൃതർ കൈമാറി. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. കൊല്ലം തേവലക്കര സ്വദേശി അതുല്യ ഈമാസം 19-ന് പുലർച്ചെയാണ് മരിച്ചത്. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാകും.

അതേസമയം, അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിന് കമ്പനി രേഖാമൂലം പിരിച്ചുവിടൽ കത്ത് നൽകുകയായിരുന്നു. ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് കമ്പനിയുടെ നടപടിയെന്ന് അധികൃതർ അറിയിച്ചു.

(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Similar Posts