< Back
UAE

UAE
ശക്തമായ മഴ: യുഎഇയിൽ പൊതുപാർക്കുകളും ബീച്ചുകളും അടച്ചിടും
|18 Dec 2025 8:08 PM IST
ദുബൈ,ഷാർജ,അജ്മാൻ എമിറേറ്റുകളിലാണ് നിലവിൽ നിയന്ത്രണം പ്രഖ്യാപിച്ചത്
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ വിവിധ എമിറേറ്റുകളിലെ പൊതുപാർക്കുകളും ബീച്ചുകളും താൽകാലികമായി അടച്ചിടും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം. ദുബൈയിലും ഷാർജയിലും ഇന്നും നാളെയുമാണ് നിയന്ത്രണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ ഇറങ്ങുന്നതിനും മറ്റ് സമുദ്ര വിനോദങ്ങളിൽ ഏർപ്പെടുന്നതിനും അധികൃതർ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായ സാഹചര്യം കണക്കിലെടുത്ത് അജ്മാൻ മുനിസിപ്പാലിറ്റിയും പാർക്കുകൾ അടച്ചതായും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്നും അറിയിച്ചു. നിലവിൽ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെത്തുടർന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് രാത്രിയോടെ ദുബൈയിലും അബൂദബിയിലും മഴ കൂടുതൽ ശക്തമായേക്കും.