< Back
Kuwait
കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം പിടികൂടി; അഫ്ഗാൻ പൗരൻ അറസ്റ്റിൽ
Kuwait

കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം പിടികൂടി; അഫ്ഗാൻ പൗരൻ അറസ്റ്റിൽ

Web Desk
|
4 July 2025 9:34 PM IST

യു.എ.ഇ-കുവൈത്ത് ആഭ്യന്തരമന്ത്രാലയങ്ങളുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്

കുവൈത്ത് സിറ്റി: യു.എ.ഇ-കുവൈത്ത് ആഭ്യന്തരമന്ത്രാലയങ്ങളുടെ സംയുക്ത ഓപ്പറേഷനിൽ കടൽമാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരിശേഖരം പിടിച്ചെടുത്തു. 100 കിലോ ക്രിസ്റ്റൽമെത്തും പത്ത് കിലോ ഹെറോയിനുമാണ് പിടികൂടിയത്. ഒരു അഫ്ഗാൻ പൗരനെ കേസിൽ അറസ്റ്റ് ചെയ്തു.

കടൽമാർഗം കുവൈത്തിലേക്ക് വൻലഹരി ശേഖരം എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ-കുവൈത്ത് ആഭ്യന്തരമന്ത്രാലയങ്ങൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് എത്തിച്ച കണ്ടെയിനറിലെ ലഹരിമരുന്നുകൾ പിടികൂടിയത്. 11.5 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുന്ന ലഹരിമരുന്നാണ് കണ്ടെയിനറിൽ കണ്ടെത്തിയത്. നൂറ് കിലോ ക്രിസ്റ്റൽ മെത്തും, പത്ത് കിലോ ഹെറോയിനും കുവൈത്തിലെത്തിക്കാനായിരുന്നു ശ്രമം.

തുറമുഖത്തെത്തിയ കണ്ടെയിനർ കുവൈത്തിലെ അംഗാറ വ്യവസായ മേഖലയിൽ എത്തിക്കുന്നത് വരെ പൊലീസ് സംഘം വാഹനത്തെ പിന്തുടർന്നു. സ്ഥലത്ത് ലഹരിശേഖരം കൈപറ്റാനെത്തിയ അഫ്ഗാൻ പൗരനെ അറസ്റ്റ് ചെയ്തു. പിന്നീട് കണ്ടെയിനർ തുറന്ന് പരിശോധിച്ചപ്പോഴാണ് വൻലഹരി ശേഖരം കണ്ടെത്തുന്നത്. ലഹരിവേട്ടക്ക് സഹകരണം നൽകിയതിന് കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, യു.എ.ഇ ആഭ്യന്തരമന്ത്രി ശൈഖ് സെയ്ഫ് ബിൻ സായിദിന് നന്ദി അറിയിച്ചു.

Similar Posts