< Back
UAE
India-UAE Foreign Ministers meet in Abu Dhabi
UAE

അബൂദബിയിൽ ഇന്ത്യ-യുഎഇ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ച

Web Desk
|
16 Dec 2025 10:27 PM IST

ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കും

അബൂദബി: ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച് ഇന്ത്യയും യുഎഇയും. അബൂദബിയിൽ നടന്ന ഇന്ത്യ-യുഎഇ സംയുക്തയോഗത്തിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നടക്കുന്ന എ.ഐ. ഇംപാക്ട് ഉച്ചകോടിക്ക് യുഎഇ പിന്തുണ അറിയിച്ചു. പശ്ചിമേഷ്യൻ സമാധാനശ്രമങ്ങളും യോഗത്തിൽ ചർച്ചയായി.

വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്‌യാൻ എന്നിവരുടെ അധ്യക്ഷതയിൽ അബൂദബിയിലാണ് ഇന്ത്യ-യുഎഇ ജോയിന്റ് കമീഷൻ യോഗം നടന്നത്.

വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ സജീവ നടന്നതായി അബൂദബിയിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കുന്ന എ.ഐ. പ്രത്യാഘാത ഉച്ചകോടിക്ക് പിന്തുണ അറിയിച്ച യുഎഇ ബ്രിക്‌സ് അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യ നടത്തുന്ന ശ്രമങ്ങളെയും പിന്തുണക്കുമെന്നും വ്യക്തമാക്കി. അടുത്ത മന്ത്രിതല സംയുക്തയോഗം ഇന്ത്യയിൽ നടത്താനും യോഗം തീരുമാനിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അബൂദബിയിലെത്തിയ വിദേശകാര്യമന്ത്രി യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻസായിദ്, സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ്, മുബാദല സി.ഇ.ഒ. ഖൽദൂൻ മുബാറക് എന്നിരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അബൂദബിയിൽ നടക്കുന്ന സർ ബനിയാസ് ഫോറത്തിലും മന്ത്രി പങ്കെടുത്തു.

Similar Posts