< Back
UAE
India-UAE non-oil trade to double within six years: Sepa Council
UAE

ഇന്ത്യ-യു.എ.ഇ എണ്ണയിതര വ്യാപാരം ആറ് വർഷത്തിനകം ഇരട്ടിയാക്കുമെന്ന് സെപ കൗൺസിൽ

Web Desk
|
29 Feb 2024 12:02 AM IST

2022ൽ സെപ കരാർ ഒപ്പുവെച്ച ശേഷം ഇന്ത്യയുമായുള്ള യു.എ.ഇയുടെ എണ്ണയിതര വ്യാപാരം 16 ശതമാനം വർധിച്ച് 5000 കോടി ഡോളറിലെത്തി

ദുബൈ:ഇന്ത്യ-യു.എ.ഇ എണ്ണയിതര വ്യാപാരം ആറ് വർഷത്തിനകം ഇരട്ടിയാക്കുമെന്ന് സെപ കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജുനൈബി. 2030ഓടെ എണ്ണയിതര വ്യാപാരം 10,000 കോടി ഡോളറായി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി സഹകരിച്ച് ഇന്ത്യ-യു.എ.ഇ സെപ കൗൺസിൽ ചെന്നൈയിൽ നടത്തിയ ബിസിനസ് ചർച്ചക്ക് പിന്നാലെയാണ് കൗൺസിൽ ഡയറക്ടർ എണ്ണയിതര വ്യാപാരം ഇരട്ടിയാക്കാനുള്ള ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചത്.

2022ൽ സെപ കരാർ ഒപ്പുവെച്ച ശേഷം ഇന്ത്യയുമായുള്ള യു.എ.ഇയുടെ എണ്ണയിതര വ്യാപാരം 16 ശതമാനം വർധിച്ച് 5000 കോടി ഡോളറിലെത്തി. ഇത് പതിനായിരം കോടി ഡോളറിലേക്ക് എത്തിക്കാനാണ് കൗൺസിൽ ലക്ഷ്യമിടുന്നതെന്ന് അഹമ്മദ് ജുനൈബി പറഞ്ഞു. ഇന്ത്യൻ വ്യവസായ സമൂഹത്തെ ഉഭയകക്ഷി കരാറിന്റെ നേട്ടങ്ങൾ ബോധ്യപ്പെടുത്തി വാണിജ്യ രംഗം കൂടുതൽ മെച്ചപ്പെടുത്തുകയാണ് സെപ കൗൺസിൽ. ഇതിന്റെ ആദ്യ ചർച്ചയാണ് ചെന്നൈയിൽ നടന്നത്. സമാനമായ രീതിയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഇത്തരം ചർച്ചകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഓരോ നഗരങ്ങൾക്കും വ്യവസായ രംഗത്ത് ഓരോ പ്രത്യേകതകളുണ്ടാവും. അത് കണ്ടെത്തി വ്യവസായികളെ അതിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തും. ഇന്ത്യയിലെ നിരവധി വ്യവസായികൾ അവരുടെ ബിസിനസ് യു.എ.ഇയിലേക്ക് വ്യാപിപ്പിക്കാൻ താൽപര്യം അറിയിച്ചതായും അഹമ്മദ് ജുനൈബി പറഞ്ഞു. ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടേീവ്, ആരോഗ്യസുരക്ഷ, കാർഷികം തുടങ്ങിയ മേഖലകളിൽ നിന്നായി 20ലധികം പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു.



Similar Posts