< Back
UAE
Indian Consulate in Dubai is warning against those charging exorbitant fees for repatriating the bodies of expatriates.
UAE

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കൽ: അമിത നിരക്ക് ഈടാക്കുന്നവരെ സൂക്ഷിക്കണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

Web Desk
|
21 Aug 2025 9:05 PM IST

മൃതദേഹം കൊണ്ടുപോകാനുള്ള ചെലവിന്റെ അംഗീകൃത നിരക്കും കോൺസുലേറ്റ് പങ്കുവെച്ചു

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അമിത നിരക്ക് ഈടാക്കുന്നവരെ കരുതിയിരിക്കണമെന്ന് ആവർത്തിച്ച് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. മൃതദേഹം കൊണ്ടുപോകാനുള്ള ആവശ്യമായി വരുന്ന ചെലവിന്റെ അംഗീകൃത നിരക്കും കോൺസുലേറ്റ് പങ്കുവെച്ചു.

യുഎഇ നിയമപ്രകാരം പ്രവാസിയുടെ മൃതദേഹം നാട്ടിലേത്തിക്കേണ്ട ചെലവ് വഹിക്കേണ്ടത് തൊഴിൽദാതാവോ സ്‌പോൺസറോ ആണെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. സ്‌പോൺസറോ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇൻഷൂറൻസ് പരിരക്ഷയോ ഇല്ലാത്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാണ് കോൺസുലേറ്റ് ICWFൽ നിന്ന് സാമ്പത്തിക സഹായം നൽകുന്നത്.

മരണസർട്ടിഫിക്കറ്റിന് 110 മുതൽ 140 ദിർഹം വരെ ചെലവ് വരും, എംബാമിങിന് 1072 ദിർഹമാണ് നിരക്ക്. ആംബുലൻസിന് 220 ദിർഹമാണ് ദുബൈയിലെ വാടക. മറ്റ് എമിറേറ്റുകളിൽ ഇതിന് വ്യത്യാസം വരും. ശവപ്പെട്ടിക്ക് 1840 ദിർഹമാണ് നിരക്ക്. എയർകാർഗോ നിരക്ക് 1800 ദിർഹം മുതൽ 2500 ദിർഹം വരെയാകും. ഈ നിരക്ക് വിമാനകമ്പനി, നാട്ടിലെ എയർപോർട്ട് എന്നിവക്ക് അനുസരിച്ച് മാറ്റമുണ്ടാകുമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.

ദുബൈയിൽ നിന്നും വടക്കൻ എമിറേറ്റുകൾ നിന്നും മൃതദേഹം നാട്ടിലെത്തിക്കാൻ കോൺസുലേറ്റ് അംഗീകരിച്ച സംഘടനകളുടെ പട്ടികയും കോൺസുലേറ്റ് പങ്കുവെച്ചു. അംഗീകൃത നിരക്കിന് പുറമേ ഈ സംഘടനകൾ നാമമാത്രമായ സർവീസ് ഫീസും ഈടാക്കുമെന്നും കോൺസുലേറ്റ് അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ഈ മേഖലയിൽ അമിതനിരക്ക് ഈടാക്കുന്ന ഏജന്റുമാർക്കെതിരെ കഴിഞ്ഞ നവംബറിൽ കോൺസുലേറ്റ് പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ തുടർച്ചയായാണ് കഴിഞ്ഞദിവസം വീണ്ടും ജാഗ്രതാനിർദേശം നൽകിയത്.

Similar Posts