< Back
UAE
എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് തിരിച്ചടിയായി പണപ്പെരുപ്പം; രൂപയുടെ മൂല്യം ഇനിയും ഇടിയും
UAE

എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് തിരിച്ചടിയായി പണപ്പെരുപ്പം; രൂപയുടെ മൂല്യം ഇനിയും ഇടിയും

Web Desk
|
24 Sept 2022 11:30 PM IST

പിന്നിട്ട രണ്ടു ദിവസങ്ങളിലായി എണ്ണവിലയിൽ അഞ്ചു ശതമാനം ഇടിവാണുള്ളത്. ബാരലിന് 86 ഡോളറിലേക്ക് കുറഞ്ഞ വില ഇനിയും ഇടിയാനാണ് സാധ്യത.

ദുബൈ: ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞെങ്കിലും ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക് വിനയായി പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ആശങ്ക കനത്തതോടെ നിക്ഷേപം ഡോളറിലേക്ക് വഴിമാറുന്നതാണ് ഏഷ്യൻ കറൻസികൾക്ക് തിരിച്ചടിയാകുന്നത്. വരും ദിവസങ്ങളിൽ രൂപ വീണ്ടും ദുർബലമായേക്കും.

പിന്നിട്ട രണ്ടു ദിവസങ്ങളിലായി എണ്ണവിലയിൽ അഞ്ചു ശതമാനം ഇടിവാണുള്ളത്. ബാരലിന് 86 ഡോളറിലേക്ക് കുറഞ്ഞ വില ഇനിയും ഇടിയാനാണ് സാധ്യത. ഉത്പാദനം ഗണ്യമായി ഉയർത്തേണ്ടതില്ലെന്ന നിലപാടിൽ ഒപെക് ഉറച്ചു നിൽക്കുകയാണ്. ഏറ്റവും വലിയ ഇറക്കുമതി രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് ഏറെ ഗുണകരമാണ് നിലവിലെ എണ്ണവില തകർച്ച. എന്നാൽ പണപ്പെരുപ്പവും രൂപയുടെ മൂല്യതകർച്ചയും ഇന്ത്യൻ സമ്പദ്ഘടനക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്. രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാഹചര്യമാണുള്ളതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

കോവിഡാനന്തരം സാമ്പത്തിക മേഖലയിൽ പുത്തനുണർവ് പ്രതീക്ഷിച്ചിരിക്കെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച റിപ്പോർട്ടുകൾ മിക്ക രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നത്. അരി ഉൾപ്പെടെ ഭക്ഷ്യോൽപന്നങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യമാണ് ഗൾഫ് രാജ്യങ്ങളിൽ വരെയുള്ളത്. യു.എസ് ഫെഡറൽ പലിശനിരക്ക് ഉയർത്തിയതോടെ ഡോളറുമായി ചേർന്നു നിൽക്കുന്ന ഗൾഫ് സെൻട്രൽ ബാങ്കുകളും നിരക്കിൽ മാറ്റം വരുത്തി. വായ്പാ തിരിച്ചടവുള്ളവർക്ക് ഇത് പുതിയ ബാധ്യതയാകും.

സാമ്പത്തിക മാന്ദ്യം മുൻനിർത്തി പ്രവാസികൾ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്ന നിർദേശമാണ് വിദഗ്ധർ നൽകുന്നത്. യുക്രൈൻ യുദ്ധത്തിന് അറുതി വരുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സാമ്പത്തിക മാന്ദ്യം മറികടക്കാൻ അനിവാര്യമാണെന്നും സാമ്പത്തിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

Similar Posts