
യുഎഇ ശൈത്യകാലത്തേക്ക്; ഏറ്റവും കുറഞ്ഞ താപനില അൽ ഐനിൽ
|9.8°C ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്
അബൂദബി: യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില അൽ ഐനിൽ രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). 9.8°C ആണ് ഇന്ന് രാവിലെ പ്രദേശത്ത് രേഖപ്പെടുത്തിയത്. ശൈത്യകാലത്തേക്ക് യുഎഇ മാറുന്നതിനിടെ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് അധികൃതർ അറിയിച്ചു. അൽ ഐനിലെ രക്‌നയിൽ രാവിലെ 6:30 നാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ അതോറിറ്റി വ്യക്തമാക്കി.
2017 ഫെബ്രുവരി മൂന്നിനാണ് യുഎഇയിലെ താപനില എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നത്. -5.7°C. റാസൽ ഖൈമയിലെ ജബൽ ജൈസ് പർവതത്തിലായിരുന്നിത്. രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. റാസൽ ഖൈമ സിറ്റിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
2025-ൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനില ജനുവരി നാലിന് രാവിലെ അഞ്ച് മണിക്ക് ജബൽ ജെയ്സിലുണ്ടായ 1.9 ഡിഗ്രി സെൽഷ്യസാണ്.
യുഎഇയിൽ നവംബർ മുതൽ മാർച്ച് വരെയാണ് ശൈത്യകാലം. ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിൽ നിന്ന് ആശ്വാസം നൽകുന്നതാണ് ഈ കാലം. മിക്ക പ്രദേശങ്ങളിലും പകൽ സമയത്ത് 15°C നും 25°C നും ഇടയിലുള്ള നേരിയ താപനിലയായിരിക്കും ഉണ്ടാകുക.