UAE
A Malayali expatriate entrepreneur sleeping on the streets of Sharjah.
UAE

പ്രവാസി സംരംഭകൻ ഗൾഫിൽ പെരുവഴിയിൽ; അന്തിയുറങ്ങുന്നത് ഷാർജയിലെ കടത്തിണ്ണയിൽ

Web Desk
|
15 Jun 2025 2:25 PM IST

നൊമ്പരക്കാഴ്ചയായി 74 കാരൻ; നാടണയാൻ അധികൃതരുടെ കനിവ് തേടുന്നു

ഷാർജ: ഗൾഫിലെ കടുത്ത വേനൽ ചൂടിൽ വിയർത്ത് കുളിച്ച് ഷാർജയിലെ കടത്തിണ്ണയിൽ അന്തിയുറങ്ങുകയാണ് ഒരു പ്രവാസി മലയാളി. ഒരുകാലത്ത് ബിസിനസ് രംഗത്ത് നിറഞ്ഞുനിന്ന സംരംഭകനായ അടൂർ സ്വദേശി വേണുബാലൻ രവീന്ദ്രൻ പിള്ളയാണ് വാർധക്യത്തിൽ ഈ ഗതികേട് നേരിടുന്നത്. രേഖകൾ നഷ്ടപ്പെട്ട്, സിവിൽകേസിൽ കുടുങ്ങിപ്പോയ ഈ 74 കാരൻ നാട്ടിലേക്ക് മടങ്ങാൻ ഇപ്പോൾ അധികൃതരുടെ കനിവ് തേടുകയാണ്.

50 ഡിഗ്രിക്ക് മുകളിലാണ് ഗൾഫിൽ പലയിടത്തും ഇപ്പോൾ വേനൽചൂട്. ചുട്ടുപൊള്ളുന്ന ഈ വേനലിലും ഷാർജ റോളയിലെ കടത്തിണ്ണയിലാണ് വേണുബാലൻ കഴിയുന്നത്. തന്റെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടതിന് പിന്നാലെ ബിസിനസുമായി ബന്ധപ്പെട്ട് ഒരു സിവിൽ കേസിൽ കുടുങ്ങിയതോടെയാണ് കയറികിടക്കാൻ പോലും ഇടമില്ലാത്തവിധം ഇദ്ദേഹം പെരുവഴിയിലായത്.

32 വർഷം മുമ്പ് ഗൾഫിലെത്തിയതാണ് ഉയർന്ന തസ്തികളിൽ ജോലി ചെയ്തിരുന്ന വേണുബാലൻ. 2020 വരെ ബിസിനസ് സംരംഭകൻ എന്ന നിലയിലും സജീവമായിരുന്നു. ഇപ്പോൾ എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള സഹായത്തിനായാണ് ഇദ്ദേഹം അധികൃതരുടെ കനിവ് തേടുന്നത്. നാട്ടിലെത്തിയാൽ ഐ.എ.എസ് ഉദ്യോഗസ്ഥരടക്കമുള്ള തന്റെ കുടുംബം തണലൊരുക്കുമെന്ന് ഇദ്ദേഹം പറയുന്നു. നാട്ടിൽ പോകുന്നത് വരെ തലചായ്ക്കാനൊരു ഇടവും വേണം. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന ഈ 74 കാരന് സിവിൽകേസിൽ ജയിൽശിക്ഷ ഉൾപ്പെടെയുള്ള നിയമകുരുക്കൾ ഒഴിവാക്കി എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷാർജയിലെ സാമൂഹിക പ്രവർത്തകർ.



Similar Posts