< Back
UAE
MediaOne Mabrook Plus to launch tomorrow
UAE

മീഡിയവൺ മബ്‌റൂക് പ്ലസ് നാളെ മുതൽ; ഉദ്ഘാടനം രാവിലെ പത്തിന്

Web Desk
|
24 Oct 2025 9:38 PM IST

1500 ലേറെ വിദ്യാർഥികൾക്ക് ആദരം

ദുബൈ: പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുന്ന മീഡിയവണിന്റെ വിജ്ഞാനമേളയായ മബ്‌റൂക് പ്ലസിന് നാളെ ദുബൈയിൽ തുടക്കമാകും. ഖിസൈസിലെ ഹയർകോളജ് ഓഫ് ടെക്‌നോളജിയിൽ രണ്ട് ദിവസം നീളുന്ന പരിപാടികൾ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്യും.

യുഎഇയിലെ മുഴുവൻ എമിറേറ്റിലെയും വിദ്യാലയങ്ങളിൽ നിന്ന് വിവിധ സിലബസുകളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ 90 ശതമാനത്തിലേറെ മാർക്ക് നേടി വിജയിച്ച 1500 ലേറെ വിദ്യാർഥികളെ മീഡിയവൺ മബ്‌റൂക് പ്ലസിലെ ഗൾഫ് ടോപ്പേഴ്‌സ് സെഷനിൽ മെഡൽ നൽകി ആദരിക്കും. നാല് ഘട്ടമായാണ് ആദരിക്കൽ ചടങ്ങ് നടക്കുക. ഒപ്പം രണ്ട് വേദികളിലായി വിവിധ മത്സരങ്ങളും വിദ്യാർഥി സംഗമവും അധ്യാപക സംഗമവും നടക്കും.

12,000 ദിർഹം സമ്മാനതുകയുള്ള ഗ്രാൻഡ് ക്വിസ് മത്സരം, 6000 ദിർഹം സമ്മാനതുകയുള്ള ഗ്രാൻഡ് മാസ്റ്റേഴ്‌സ് ചെസ് മത്സരം എന്നിവക്കും മബ്‌റൂക് പ്ലസ് വേദിയൊരുക്കും. ലിറ്റിൽ പിക്കോസോ എന്ന പേരിൽ കുട്ടികൾക്കായി പെയിന്റിങ് മത്സരം നടക്കും. കുട്ടികൾ വിവിധ മേഖലയിലെ കഴിവുകൾ പ്രദർശിപ്പിക്കുന്ന സ്റ്റാർകിഡ്‌സും ഇതോടൊപ്പം അരങ്ങിലെത്തും. വിദ്യാർഥികളുടെ സർഗരചനകൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്ന ഫസ്റ്റ് എഡിഷൻ പദ്ധതിക്കും വേദിയിൽ തുടക്കമാകും.

ഇംദാദ് ചെയർമാൻ അബ്ദുൽ ലത്തീഫ് അബ്ദുല്ല അഹമ്മദ് അൽ മുല്ല, ഷാർജ ചെസ് അക്കാദമി ചെയർമാൻ ഫൈസൽ അൽ ഹമ്മാദി തുടങ്ങിയർ ഉദ്ഘാടന ചടങ്ങിൽ അതിഥികളായി എത്തും.

Similar Posts