
പുതിയ അധ്യയനവർഷം:സുരക്ഷയൊരുക്കാൻ ദുബൈ പൊലീസ്
|ഈ മാസം 25 നാണ് യു.എ.ഇയിലെ സ്കൂളുകൾ തുറക്കുന്നത്
ദുബൈ: യു.എ.ഇയിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിപുലമായ സുരക്ഷാ സന്നാഹമൊരുക്കി ദുബൈ പൊലീസ്. പുതിയ അധ്യയന വർഷത്തിൽ സുരക്ഷ ഉറപ്പാക്കാൻ 750 ഉന്നത ഉദ്യോഗസ്ഥർ രംഗത്തുണ്ടാകും.
മുതിന്ന ഉദ്യോഗസ്ഥർക്ക് പുറമെ 250 പട്രോൾ സംഘങ്ങൾ, ഒമ്പത് ഡ്രോണുകൾ, 6 ആഡംബര സുരക്ഷാ വാഹനങ്ങൾ, നാല് കുതിര പൊലീസ് യൂനിറ്റുകൾ, 60 സൈക്കിൾ പട്രോളിങ് സംഘങ്ങൾ സുരക്ഷ ഉറപ്പാക്കാനുണ്ടാകും. കുട്ടികളിൽ നിന്ന് തന്നെ തെരഞ്ഞെടുത്ത 300 സേഫ്റ്റി അംബാസഡർമാർ രംഗത്തുണ്ടാകും. ബോധവൽകരണത്തിനായി പ്രത്യേക സംഘങ്ങളുണ്ടാകും. ഈമാസം 25 നാണ് യു.എ.ഇയിലെ സ്കൂളുകൾ തുറക്കുന്നത്.
അന്നേ ദിവസം അപകട രഹിത ദിനമായി നേരത്തെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ പ്രവേശിച്ച് പ്രതിജ്ഞയെടുത്ത ശേഷം അപകടമില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്‍റുകൾ വരെ കുറക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.