< Back
UAE
ദുബൈ അൽ വർഖയിലേക്ക് പുതിയ പാത സജ്ജം; യാത്രാസമയം 80% കുറയും
UAE

ദുബൈ അൽ വർഖയിലേക്ക് പുതിയ പാത സജ്ജം; യാത്രാസമയം 80% കുറയും

Web Desk
|
30 May 2025 4:27 PM IST

പാത അടുത്തയാഴ്ച തുറക്കും

ദുബൈ: ദുബൈയിലെ പ്രധാന റോഡായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ വർഖ പ്രദേശത്തേക്കുള്ള പുതിയ പാത സജ്ജമായി. എൻട്രി, എക്‌സിറ്റ് പോയിന്റുകളുടെ നിർമാണം പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. പുതിയ പാത തുറന്നാൽ പ്രദേശത്തേക്ക് ഇരുപത് മിനിറ്റ് കൊണ്ട് എടുത്തിരുന്ന യാത്ര വെറും മൂന്നര മിനിറ്റു കൊണ്ട് സാധ്യമാകും. 5.7കി.മീറ്റർ ദൂരമുണ്ടായിരുന്ന യാത്ര ഒന്നര കിലോ മീറ്ററായാണ് കുറയുന്നത്. യാത്രക്കാർക്ക് എൺപത് ശതമാനം സമയലാഭമാണ് ഉണ്ടാകുകയെന്നും ആർടിഎ അറിയിച്ചു.

പുതിയ റൂട്ടിൽ മണിക്കൂറിൽ 5000 വാഹനങ്ങളെ ഉൾകൊള്ളാനാകും. അതോടൊപ്പം ഗതാഗതക്കുരുക്ക് കുറക്കാനും പ്രദേശത്തേക്ക് പ്രവേശനം എളുപ്പമാക്കാനും സഹായിക്കും. മേഖലയിലെ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച എട്ടു കി.മീറ്റർ റോഡ് വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ പാത പൂർത്തിയാക്കിയത്. 2024 ഒക്ടോബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

അൽ വർഖ മേഖലയിൽ സമഗ്രവികസന പദ്ധതിയാണ് നിലവിൽ ആർടിഎ നടപ്പാക്കുന്നത്. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി ആർ.ടി.എ അൽ വർഖ 3, 4 എന്നിവിടങ്ങളിലെ ഉൾറോഡ് നവീകരണം നടത്തുന്നുണ്ട്. പുതിയ കാൽനടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ, 23 കി.മീറ്ററിലധികം സൈക്ലിങ് ട്രാക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടും. അൽ വർഖ ഒന്നിലെ റൗണ്ട് എബൗട്ടുകൾ സ്മാർട്ട് സിഗ്‌നലൈസ്ഡ് ഇന്റർസെക്ഷനുകളാക്കി മാറ്റുന്നതും പരിഗണനയിലുണ്ട്.

Related Tags :
Similar Posts