< Back
UAE
സെൽഫി സ്റ്റിക്കും പവർ ബാങ്കും പാടില്ല; ഏഷ്യാകപ്പ് കാണാന്‍ കടുത്ത നിയന്ത്രണങ്ങൾ
UAE

'സെൽഫി സ്റ്റിക്കും പവർ ബാങ്കും പാടില്ല'; ഏഷ്യാകപ്പ് കാണാന്‍ കടുത്ത നിയന്ത്രണങ്ങൾ

ijas
|
25 Aug 2022 11:42 PM IST

മൽസരത്തിന് മൂന്ന് മണിക്കൂർ മുമ്പ് മാത്രമേ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കൂ എന്ന് ദുബൈ പൊലീസ്

ദുബൈ: ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ എത്തുന്നവർ സെൽഫി സ്റ്റിക്കും, പവർബാങ്കും കൊണ്ടുവരാൻ പാടില്ലെന്ന് ദുബൈ പൊലീസിന്‍റെ നിർദേശം. മൽസരത്തിന് മൂന്ന് മണിക്കൂർ മുമ്പ് മാത്രമേ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കൂ എന്നും പൊലീസ് അറിയിച്ചു. ഏഷ്യകപ്പ് മൽസരങ്ങൾ അടുത്തദിവസം ആരംഭിക്കാനിരിക്കെയാണ് ദുബൈ പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

സെൽഫി സ്റ്റിക്, പവർ ബാങ്ക്, രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ, ബാനറുകൾ എന്നിവ കൊണ്ടുവരാൻ പാടില്ല. വീഡിയോയും ഫ്ലാഷ് ഫോട്ടോഗ്രഫിയും കാണികൾക്ക് അനുവദനീയമല്ല. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, റേഡിയോ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ കൈയിലുണ്ടാവരുത്. മൂർച്ചയുള്ള വസ്തുക്കൾ, പുറത്തുനിന്നുള്ള ഭക്ഷണം, കരിമരുന്ന് എന്നിവക്കും വിലക്കുണ്ട്. ടിക്കറ്റ് കൈയിലുള്ളവരെ മാത്രമെ സ്റ്റേഡിയത്തിനടുത്തേക്ക് കയറ്റി വിടുകയുള്ളൂ.

എല്ലാ മത്സരവും വൈകുന്നേരം ആറ് മണിക്കായതിനാൽ മൂന്ന് മണിയോടെ ഗേറ്റ് തുറക്കും. സ്റ്റേഡിയത്തിന് പുറത്തിറങ്ങിയാൽ പിന്നീട് പ്രവേശനം ഉണ്ടായിരിക്കില്ല. നാല് വയസിന് മുകളിലുള്ളവർക്ക് ടിക്കറ്റ് നിർബന്ധമാണ്. നിയമ ലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Similar Posts