
നഗരാസൂത്രണ മേഖലയിലെ സ്വപ്ന പദ്ധതി; '20 മിനിറ്റ് സിറ്റി'ക്ക് വേഗം കൂട്ടി ദുബൈ
|ദുബൈ: നഗരാസൂത്രണ മേഖലയിൽ ദുബൈയുടെ സ്വപ്ന പദ്ധതിയായ 20 മിനിറ്റ് സിറ്റി പ്രോജക്ട് അവലോകനം ചെയ്ത് അധികൃതർ. ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരമാക്കി ദുബൈയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോജക്ട് നടപ്പാക്കുന്നത്.
പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് 20 മിനിറ്റു കൊണ്ട് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന നഗരം. ഏറെക്കാലമായി ചർച്ചയിലുണ്ടായിരുന്ന ഫ്‌ളാഗ്ഷിപ്പ് പ്രോജക്ടിനാണ് ദുബൈ വേഗം കൂട്ടുന്നത്. ദുബൈ 2040 അർബൻ പ്ലാനിങ്ങിന്റെ ഭാഗമായാണ് അതിവേഗ നഗരപദ്ധതി യാഥാർഥ്യമാകുന്നത്. അർബൻ പ്ലാനിങ് സുപ്രിം കമ്മിറ്റി ചെയർമാൻ മതാർ അൽ തായറിന്റെ നേതൃത്വത്തിലായിരുന്നു പ്രോജക്ടുകളുടെ അവലോകനം.
പദ്ധതിയുടെ ഭാഗമായി ദുബൈ മെട്രോ ശൃംഖല ഇരട്ടിയാക്കും. സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള താമസ, വാണിജ്യ ഇടങ്ങളും വർധിപ്പിക്കും. 2030 ഓടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 96 ലെത്തിക്കും. നിലവിൽ 55 സ്റ്റേഷനുകളാണ് ഉള്ളത്. തൊട്ടടുത്ത പത്തു വർഷത്തിൽ 140 സ്റ്റേഷനുകളാണ് ലക്ഷ്യം. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച ദുബൈ വാക്ക് പ്രോജക്ടുകളും വേഗത്തിലാക്കും. റെയിൽ-കാൽനട മാർഗങ്ങൾ ഇത്രയും വർധിക്കുന്നതോടെ കാറുകളുടെ സഹായമില്ലാതെ പ്രദേശവാസികളുടെ ആവശ്യങ്ങൾ നിവർത്തിക്കാനാകും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
നഗരത്തിൽ നിലവിൽ 55 ദശലക്ഷം ദിർഹം മൂല്യമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾ നടന്നു വരുന്നുണ്ടെന്ന് മതാൽ അൽ തായർ വിശദീകരിച്ചു. സ്വദേശികൾക്കായി ആകെ 450 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പാർപ്പിട പദ്ധതി പുരോഗമിക്കുകയാണ്. ദുബൈ വാക്കിന് കീഴിൽ 6500 കിലോമീറ്റർ നടപ്പാതകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കാറുകൾക്ക് പ്രവേശനമില്ലാത്ത സൂപ്പർ ബ്ലോക്കുകൾ വൈകാതെ യാഥാർഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.