< Back
UAE
Parkins profit increased by Dh12 crore
UAE

വരുമാനം ഫസ്റ്റ് ഗിയറിൽ; പാർക്കിനിന്റെ ലാഭത്തിൽ 12 കോടി ദിർഹത്തിന്റെ വർധന

Web Desk
|
1 March 2025 10:35 PM IST

പണം നൽകിയുള്ള പാർക്കിങ് വർധിച്ചതും കൂടുതൽ പാർക്കിങ് സ്‌പേസുകൾ ഒരുക്കിയതുമാണ് പാർക്കിനിന്റെ വരുമാനത്തിൽ പ്രതിഫലിച്ചത്

ദുബൈ: ദുബൈ നഗരത്തിലെ പബ്ലിക് പാർക്കിങ് സേവനദാതാവായ പാർക്കിൻ കമ്പനിയുടെ ലാഭത്തിൽ വീണ്ടും വർധന. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 12 കോടി ദിർഹത്തിന്റെ മൊത്തലാഭമാണ് കമ്പനിയുണ്ടാക്കിയത്.

പണം നൽകിയുള്ള പാർക്കിങ് വർധിച്ചതും കൂടുതൽ പാർക്കിങ് സ്‌പേസുകൾ ഒരുക്കിയതുമാണ് പാർക്കിനിന്റെ വരുമാനത്തിൽ പ്രതിഫലിച്ചത്. നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയും വരുമാനത്തിന്റെ ഭാഗമായി. ആകെ ലാഭത്തിൽ 2023നേക്കാൾ 13 ശതമാനത്തിന്റെ വർധനയാണ് കമ്പനി കൈവരിച്ചത്. 2024 വർഷത്തെ നാലാം പാദത്തിൽ 26.5 കോടി ദിർഹമാണ് കമ്പനിയുടെ ആകെ വരുമാനം.

കഴിഞ്ഞ വർഷം 509000 പിഴകളാണ് ട്രാഫിക് നിയമലംഘനത്തിൽ പാർക്കിൻ ചുമത്തിയത്. 2023ൽ ഇതേകാലയളവിൽ ഇത് 317000 മാത്രമായിരുന്നു. 60 ശതമാനത്തിന്റെ വർധന. പിഴകളിൽ നിന്ന് കഴിഞ്ഞ വർഷം അവസാന മൂന്നു മാസത്തിൽ പരിച്ചെടുത്തത് 77 ദശലക്ഷം ദിർഹം. മുൻ വർഷം ഇത് 44.8 ദശലക്ഷം മാത്രമായിരുന്നു. 69 ലക്ഷം നമ്പർ പ്ലേറ്റുകളാണ് പാർക്കിൻ സ്മാർട്ട് വാഹനങ്ങൾ സ്‌കാൻ ചെയ്തത്.

2024ൽ ആകെ 24.91 കോടി ദിർഹമാണ് പിഴയിനത്തിൽ പാർക്കിൻ ഈടാക്കിയത്. മുൻവർഷം ഇത് 18.13 കോടി ദിർഹം മാത്രമായിരുന്നു, 37 ശതമാനത്തിന്റെ വർധന. കഴിഞ്ഞ വർഷം 42.35 കോടി ദിർഹത്തിന്റെ ലാഭമാണ് പാർക്കിൻ നേടിയത്. വാർഷിക വരുമാനം 92.52 കോടി ദിർഹം. ഏപ്രിൽ ആദ്യവാരം മുതൽ നടപ്പാക്കുന്ന വേരിയബ്ൾ പാർക്കിങ് കൂടി പ്രാബല്യത്തിൽ വരുന്നതോടെ കമ്പനിയുടെ ലാഭം വരും വർഷങ്ങളിലും കുതിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Similar Posts