< Back
UAE
RTA awards contract for first phase of Dubais historic city walking trail
UAE

ദുബൈയിലെ ചരിത്ര ന​ഗരങ്ങൾ നടന്നു കാണാൻ 'വാക്ക് വേ'; ആദ്യഘട്ടത്തിന് ആർ.ടി.എ കരാർ നൽകി

Web Desk
|
22 March 2026 10:26 PM IST

12 കിലോമീറ്റർ നടപ്പാതയും, 5 കിലോമീറ്റർ സൈക്കിൾ പാതയും നിർമിക്കും

ദുബൈ: ദുബൈ നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ നടന്ന് ആസ്വദിക്കാൻ കഴിയുന്ന വൻ നടപ്പാത പദ്ധതിയുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽറാസ് ഹിസ്റ്റോറിക് മേഖലയിലെ വാക് വേ പദ്ധതിയുടെ ആദ്യഘട്ടത്തിന് ആർ.ടി.എ കരാർ നൽകി. 12 കിലോമീറ്റർ നടപ്പാതയും, 5 കിലോമീറ്റർ സൈക്കിൾ പാതയുമാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക. ദുബൈയുടെ ചരിത്രമുറങ്ങുന്ന അൽറാസ് മേഖലയിൽ സഞ്ചാരികൾക്ക് നടന്നും, സൈക്കളിൽ സഞ്ചരിച്ചും കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന പദ്ധതിയാണിത്.

ദുബൈ വാക്ക് എന്ന പേരിൽ നടപ്പാക്കുന്ന വിപുലമായ പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് ഇപ്പോൾ കരാർ നൽകിയിരിക്കുന്നത്. പുതിയ നടപ്പാതകളും, സൈക്കിൾ പാതകളും സഞ്ചാരികളെ ഇൻഫിനിറ്റി ബ്രിഡ്ജ്, ശിന്ദഗ ഹിസ്റ്റോറിക് ഡിസ്ട്രിക്ട്, സൂഖ് അൽ കബീർ എന്നിവിടങ്ങളിലേക്ക് നടന്നെത്താൻ സഹായിക്കും. മേഖലയുടെ ചരിത്രവും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് തന്നെ ഇവിടുത്തെ കാഴ്ചകൾ ഇമറാത്തി കലാകാരൻമാൻ പുതിയ കലാസൃഷ്ടികൾകൊണ്ട് കൂടുതൽ സർഗാത്മകമാക്കും. ബോട്ടുകൾ, അബ്രകൾ, മെട്രോ, ശിന്ദഗ തുരങ്ക പാത എന്നിവിടങ്ങളിൽ നിന്ന് അൽറാസ് മേഖലയിലേക്ക് എത്താൻ പുതിയ എൻട്രപോയന്റുകൾ സജ്ജമാക്കും.

കലാചാതുരി പ്രകടമാക്കുന്ന പത്ത് ആർട്ടിസ്റ്റിക് സ്പേസുകൾ, വിശ്രമമേഖലകൾ, തണലിടങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. 12 കിലോമീറ്റർ കാൽനടപ്പാതയും, 5 കിലോമീറ്റർ സൈക്കിൾ പാതയും വികസിപ്പിക്കുന്നതോടൊപ്പം സഞ്ചാരികൾക്ക് വെയിലേൽക്കാതെ നടക്കാൻ കൂടുതൽ തണൽമരങ്ങൾ പാതയോരത്ത് വെച്ച്പിടിപ്പിക്കും. ചരിത്രസ്മാരകങ്ങളുടെ കഥപറയുന്ന പ്രദർശനങ്ങളും കാഴ്ചകളും ഇവിടെയുണ്ടാകും. ഈ മേഖലയുടെ പഴമക്കും തനിമക്കും കോട്ടം തട്ടാതെയാകും ഈ വികസന പദ്ധതി നടപ്പാക്കുക. 11 മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മറൈൻ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന വിധമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർ.ടി.എ അറിയിച്ചു.

Similar Posts