
ദുബൈയിലെ ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ വിപുലീകരിക്കുന്നു
|സ്റ്റേഷന്റെ ശേഷി 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം
ദുബൈ: ദുബൈയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനായ ബൂർജ് ഖലീഫ-ദുബൈ മാൾ വിപുലീകരിക്കുന്നു. സ്റ്റേഷന്റെ ശേഷി 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ഇമാർ പ്രോപ്പർട്ടീസും ധാരണയായി. അവധി ദിവസങ്ങളിലും ആഘോഷദിനങ്ങളിലും യാത്രക്കാരാൽ വീർപ്പുമുട്ടുന്ന മെട്രോ സ്റ്റേഷനാണ് ദുബൈയിലെ ബൂർജ് ഖലീഫ-ദുബൈ മാൾ.
വികസന പദ്ധതി പൂർത്തിയാകുമ്പോൾ സ്റ്റേഷന്റെ മൊത്തം വിസ്തീർണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും. മണിക്കൂറിൽ യാത്രക്കാരുടെ ശേഷി 7,250 ൽ നിന്ന് 12,320 ആകും. ദിവസേന കൈകാര്യം ചെയ്യാനാകുന്ന യാത്രക്കാരുടെ എണ്ണം 2.2ലക്ഷം യാത്രക്കാരായി വർധിക്കും. കോൺകോഴ്‌സ്, പ്ലാറ്റ്‌ഫോം ഏരിയകൾ വികസിപ്പിക്കും. പുതിയ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും വരും. യാത്രക്കാരുടെ നീക്കും വേഗത്തിലാക്കാൻ പ്രത്യേക എൻട്രി, എക്സിറ്റ് ഗേറ്റുകൾ വരും. നിരക്ക് ഈടാക്കാൻ കൂടുതൽ ഫെയർ ഗേറ്റുകളും സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.