
തലയണിയിട്ട് ദുബൈ റോഡിൽ 'സുഖശയനം'; പ്രവാസി യുവാവ് പൊലീസിന്റെ പിടിയിൽ
|സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനാണ് ഇയാൾക്കെതിരെ കേസ്
ദുബൈ: ദുബൈ നഗരത്തിലെ തിരക്കേറിയ റോഡിൽ തലയണയിട്ട് ഉറങ്ങാൻ കിടന്ന യുവാവിനെ പൊലീസ് പൊക്കി. റോഡിലെ സുഖശയനത്തിന്റെ വീഡിയോ വൈറലായതോടെയാണ് പ്രതി പിടിയിലായത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനാണ് ഇയാൾക്കെതിരെ കേസ്.
ദുബൈ ദേര മുറഖബാദിലെ സലാഹുദ്ദീൻ സ്ട്രീറ്റിലായിരുന്നു ഈ കാഴ്ച. നടുറോഡിൽ വാഹനങ്ങൾ സിഗ്നനൽ കാത്തുനിൽക്കുന്നിടത്ത് പെഡിസ്ട്രിയൻ ക്രോസിൽ തലയണയിട്ട് സുഖ ശയനത്തിനുള്ള ഒരുക്കമായിരുന്നു ഇയാൾ. ഉറക്കം കഴിഞ്ഞ് റോഡിൽ നിന്ന് ഇയാൾ മാറുന്നതും കാത്ത് നിരവധി വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നതും വീഡിയോയിൽ കാണാം.
എനിക്ക് മരിക്കാൻ ഭയമില്ല, എന്നാൽ വിദേശത്ത് കിടന്നുമരിക്കാൻ ഭയമാണ് എന്ന ഉറുദുവാചകങ്ങളും ചേർത്ത് ടിക് ടോക്കിൽ ഈ വീഡിയോ ഇയാൾ പോസ്റ്റും ചെയ്തു. പിന്നീട് നീക്കം ചെയ്തെങ്കിലും വീഡിയോ വൈറലായി. ഇതോടെ ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതുജനങ്ങളുടെ ജീവനും സ്വത്തും സ്വന്തം ജീവനും അപകടപ്പെടുത്തവിധം പെരുമാറിയതിന് ഫെഡൽ പീനൽ കോഡ് 31 ലെ ആർട്ടിക്കിൾ 399 പ്രകാരമാണ് ഇയാൾക്കെതിരെ കേസ്. ഇതിന് തടവും പിഴയും വരെ ശിക്ഷലഭിക്കും. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ദുബൈ പൊലീസ് അറിയിച്ചു