
യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ്
|ദുബൈ, അബൂദബി എമിറേറ്റുകളിലാണ് തുടർച്ചയായ ദിവസങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നത്
ദുബൈ: രണ്ടാം ദിവസവും യുഎഇയിൽ പൊടിക്കാറ്റ് ശക്തം. രാവിലെ മുതൽ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ദുബൈ, അബൂദബി എമിറേറ്റുകളിലാണ് തുടർച്ചയായ ദിവസങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നത്. കാറ്റിൽ ദൂരക്കാഴ്ചയും കുറഞ്ഞു. രാവിലെ പത്തു മണിയോടെയാണ് പൊടിക്കാറ്റിന് ശമനമുണ്ടായത്. ചൊവ്വാഴ്ച രാവിലെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുസംബന്ധിച്ച ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. പലയിടത്തും ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിക്കപ്പെട്ടു.
അബൂദബി, അൽ ഐൻ, ദുബൈയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു കനത്ത ജാഗ്രത. ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വാഹനമോടിക്കുമ്പോൾ കാലാവസ്ഥയുടെ വീഡിയോ എടുക്കാൻ ശ്രമിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചിരുന്നു.
ശക്തമായ വടക്കൻ കാറ്റോടെ രാജ്യത്തെ താപനിലയിലും മാറ്റമുണ്ടായി. ദുബൈയിൽ മുപ്പത്തിനാലും അബൂദബിയിൽ മുപ്പത്തിയഞ്ചും ഡിഗ്രി സെൽഷ്യസായിരുന്നു പരമാവധി താപനില. ഫുജൈറ മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.