< Back
UAE
Thousands seek amnesty in UAE
UAE

യു.എ.ഇയിൽ നാളെ മുതൽ പൊതുമാപ്പ് കാലം; സെപ്റ്റംബർ 1 മുതൽ രണ്ടുമാസം ഇളവ്

Web Desk
|
1 Sept 2024 12:31 AM IST

എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കി

ദുബൈ: യു.എ.ഇയിൽ നാളെ മുതൽ പൊതുമാപ്പ് നിലവിൽ വരും. വിസാ നിയമം ലംഘിച്ചവർക്ക് അടുത്ത രണ്ടുമാസം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് രേഖകൾ നിയമവിധേയമാക്കാം. പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് തീരുമാനിച്ചു.

അടുത്ത രണ്ടുമാസത്തിനകം വിവിധരാജ്യക്കാരായ ആയിരക്കണക്കിന് പ്രവാസികൾ പൊതുമാപ്പ് ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ ഭരണകൂടവും വിവിധ നയതന്ത്രകാര്യാലയങ്ങളും വിപുല സംവിധാനങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ദുബൈയിലെ 86 ആമർ സെന്ററുകളിൽ അപേക്ഷ സ്വീകരിക്കാൻ സൗകര്യമുണ്ടാകും. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് കോൺസുലേറ്റിൽ സൗജന്യമായി എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

രേഖകൾ ശരിയാക്കി യു.എ.ഇയിൽ തുടരേണ്ടവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കാം. ഇതിനായി ബിഎൽ.എസ്. കേന്ദ്രങ്ങളെ അപ്പോയിൻമെന്റ് ഇല്ലാതെ തന്നെ സമീപിക്കാമെന്ന് കോൺസുലേറ്റ് അറിയിച്ചു. കോൺസുലേറ്റിലും അവീറിലെ എമിഗ്രേഷൻ കേന്ദ്രത്തിലും പൊതുമാപ്പ് അപേക്ഷകരെ സഹായിക്കാൻ സെപ്റ്റംബർ രണ്ട് മുതൽ കൗണ്ടറുകൾ സജ്ജമാകും. പൊതുമാപ്പ് കാലത്ത് ബി.എൽ.എസ് കേന്ദ്രങ്ങൾ ഞായറാഴ്ചകളിലും സജീവമാകും. പൊതുമാപ്പ്, യാത്രാരേഖകൾ എന്നിവയുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് 050-9433111 എന്ന നമ്പറിൽ കോൺസുലേറ്റ് അധികൃതരെ വിളിക്കാം. 800-46342 എന്ന നമ്പറിൽ പ്രവാസി ഭാരതീയ സഹായത കേന്ദ്രം 24 മണിക്കൂർ സജ്ജമായിരിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുന്നവർ 14 ദിവസത്തിനകം രാജ്യം വിടണം.

Related Tags :
Similar Posts