< Back
UAE
The celebration will be a blast; Alwatba to host the biggest New Years Eve party in the UAE
UAE

ആഘോഷം പൊടിപൊടിക്കും; യുഎഇയിലെ ഏറ്റവും വലിയ പുതുവർഷാഘോഷത്തിന് വേദിയാകാൻ അൽവത്ബ

Web Desk
|
8 Dec 2025 9:34 PM IST

അഞ്ചോളം ​ഗിന്നസ് റെക്കോർഡ് നേട്ടത്തിനായി പ്രത്യേക വെടിക്കെട്ടുകൾ, ഡ്രോൺ ഷോകൾ

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ പുതുവർഷാഘോഷത്തിന് വേദിയാകാനൊരുങ്ങി അബൂദബിയിലെ അൽ വത്ബ. ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതി അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. ഒരു മണിക്കൂറിൽ കൂടുതൽ നീളുന്ന ഭീമൻ വെടിക്കെട്ട് പ്രദർശനവും ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ഷോയും ആഘോഷത്തിന്റെ മുഖ്യ ആകർഷണമാകും.

പുതുവർഷ രാവിൽ അഞ്ച് ലോക ഗിന്നസ് റെക്കോർഡുകൾ സ്ഥാപിക്കാനുള്ള വെടിക്കെട്ട് പ്രദർശനമുണ്ടാകും. രാത്രി 8 മുതൽ ആരംഭിച്ച് അഞ്ച് ഘട്ടങ്ങളായി നടക്കുന്ന പ്രദർശനം അർധരാത്രിയിൽ 62 മിനിറ്റ് നീളുന്ന മുഖ്യ ഷോയോടെ പര്യവസാനിക്കും. ഏറ്റവും പുതിയ ലോഞ്ചിങ്, വിഷ്വൽ സിങ്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അൽ വത്ബയുടെ ആകാശം വർണാഭമാക്കും.

6,500 ഡ്രോണുകൾ ഒറ്റയടിക്ക് 20 മിനിറ്റ് പറന്നുയരുന്ന ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ഷോയിൽ ഒമ്പത് ഭീമൻ കലാചിത്രങ്ങൾ ദൃശ്യമാകും. ഡിജിറ്റൽ കൗണ്ട്ഡൗണും വെടിക്കെട്ട് പ്രദർശനവും സമന്വയിപ്പിച്ച് ഒരൊറ്റ വിഷ്വൽ ഷോ ആയാണ് അവതരിപ്പിക്കുക.

കൂടാതെ, പൈതൃക-സാംസ്കാരിക പരിപാടികളോടെ വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സ്പോൺസർമാരുടെയും നയതന്ത്രജ്ഞരുടെയും പങ്കാളിത്തം എന്നിവയോടെ സാംസ്കാരിക കൈമാറ്റത്തിന്റെയും ആഗോള വേദിയായി ഫെസ്റ്റിവൽ മാറും. അൽ അയാല, അൽ റസ്ഫ, അൽ നദ്ബ തുടങ്ങിയ എമിറാത്തി പൈതൃക നൃത്തങ്ങൾ നൂറുകണക്കിന് കലാകാരന്മാർ അവതരിപ്പിക്കും. അന്താരാഷ്ട്ര ഗ്രൂപ്പുകളുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും. പവലിയനുകളിൽ കാർണിവൽ, സംഗീത പരിപാടികൾ, കുട്ടികൾക്കായി പ്രത്യേക വേദിയും ഉണ്ടായിരിക്കും. 2025 ഡിസംബറിൽ തുറന്ന അമ്യൂസ്മെന്റ് പാർക്കും പുതുവർഷാഘോഷത്തിന് മാറ്റ് കൂട്ടും.

എൻട്രി - എക്സിറ്റ് കവാടങ്ങൾ വർധിപ്പിക്കൽ, നടപ്പാതകൾ വിപുലീകരിക്കൽ, ഗതാഗത നിയന്ത്രണത്തിന് പ്രത്യേക ടീമുകൾ, സുരക്ഷ-മെഡിക്കൽ സേവനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിപുലമായ ഓപ്പറേഷണൽ പ്ലാനുകൾ സമിതി പ്രഖ്യാപിച്ചു. പുതുവർഷ രാത്രിയിൽ തടസ്സമില്ലാതെ പ്രവേശിക്കാൻ ഫെസ്റ്റിവലിന്റെ ഔദ്യോഗിക മാധ്യമങ്ങൾ പിന്തുടരാനും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Similar Posts