
ഒരു കോടി സന്ദർശകർ; ദുബൈ ഗ്ലോബൽ വില്ലേജ് 29ാം സീസണിന് തിരശ്ശീല വീണു
|വില്ലേജിന്റെ ചരിത്രത്തിലെ റെക്കോർഡ് സന്ദർശകരാണ് ഇത്തവണത്തേത്
ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിന്റെ 29ാം സീസണിന് തിരശ്ശീല വീണു. ഒരു കോടിയിലേറെ സന്ദർശകരുമായി വില്ലേജിന്റെ ചരിത്രത്തിലെ റെക്കോർഡ് എണ്ണം സന്ദർശകരാണ് ഇത്തവണയെത്തിയത്. ദുബൈയിലെ ഏറ്റവും വലിയ സാംസ്‌കാരിക-വിനോദ ഉത്സവമാണ് ഞായറാഴ്ച കൊടിയിറങ്ങിയത്. ആറു മാസം നീണ്ട മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1.05 കോടി സന്ദർശകരാണ് എത്തിയത്. മുപ്പത് രാഷ്ട്രങ്ങളിൽ നിന്നായി 250ലധികം പവലിയനുകളാണ് ആഗോള ഗ്രാമത്തിൽ സന്ദർശകരെ വരവേൽക്കാനായി ഉണ്ടായിരുന്നത്.
നാനൂറിലേറെ കലാകാരന്മാർ ഒരുക്കിയ നാൽപതിനായിരത്തിലേറെ വരുന്ന ലൈവ് ഷോകളായിരുന്നു വില്ലേജിലെ പ്രധാന ആകർഷണം. കൂടാതെ ഭക്ഷണമടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്‌കാരിക വൈവിധ്യങ്ങളും അവതരിപ്പിക്കാനായി. കാഴ്ചയുടെ വ്യത്യസ്ത അനുഭവങ്ങളോടെ മുപ്പതാം സീസൺ ആരംഭിക്കുമെന്ന പ്രതീക്ഷയോടെയാണ് വ്യാപാര ലോകം ദുബൈയിൽ നിന്ന് മടങ്ങുന്നത്. സംരംഭകരിൽനിന്ന് വരും സീസണിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.