
ഓപൺ എഐ, മെറ്റ, ഗൂഗ്ൾ ക്ലൗഡ്…;എഐ ഭാവി ചർച്ച ചെയ്യാൻ ടെക് ഭീമന്മാർ ദുബൈയിൽ
|ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകർ
ദുബൈ: നിർമിത ബുദ്ധിയുടെ അനന്തസാധ്യതകൾ ചർച്ച ചെയ്യുന്ന പ്രഥമ ദുബൈ എഐ വീക്കിന് തുടക്കമായി. ലോകത്തുടനീളമുള്ള പതിനായിരത്തിലേറെ പേരാണ് എഐ വീക്കിൽ പങ്കെടുക്കുന്നത്. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകർ. മൈക്രോസോഫ്റ്റ്, മെറ്റ, ഗൂഗ്ൾ ക്ലൗഡ്, ഓപൺ എഐ, എൻവിഡിയ... ടെക് ലോകത്ത് പേരു കേട്ട വമ്പന്മാരെല്ലാം ഒരുകുടക്കീഴിൽ ഒരുമിക്കുന്ന നിർമിതബുദ്ധി വാരത്തിനാണ് ദുബൈയിൽ തുടക്കമായത്. വർത്തമാനകാലത്ത് എഐ ഉണ്ടാക്കിയ സ്വാധീനത്തിനൊപ്പം ഭാവിയിൽ എഐ ഉണ്ടാക്കാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും വിവിധ സെഷനുകൾ ചർച്ച ചെയ്യും.
എഐയുടെ സാന്നിധ്യമില്ലാതെ ഇനി ബിസിനസ് മുമ്പോട്ടു കൊണ്ടുപോകുക ദുഷ്‌കരമാകുമെന്ന് എഐ വീക്ക് ഉദ്ഘാടന സമ്മേളനത്തിൽ യുഎഇ എഐ വകുപ്പു സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. ഇതുവരെ 325 കമ്പനികൾക്കാണ് യുഎഇ എഐ മുദ്ര നൽകിയത്. നിർമിത ബുദ്ധിയുടെ ഉത്തരവാദിത്തമുള്ള പരിഹാരങ്ങൾക്കായി യുഎഇ ഗവണ്മെന്റ് നടത്തുന്ന ശ്രമമാണ് എഐ സീലുകൾ. ഗവണ്മെന്റ് വകുപ്പുകളിൽ 230 എഐ ഉദ്യോഗസ്ഥരെ നിയമിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യയടക്കം പതിനഞ്ചു രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എഐ വീക്കിൽ പങ്കെടുക്കുന്നുണ്ട്. ഇരുപത്തിയഞ്ച് ടെക് കമ്പനികളും പതിനെട്ട് ഗവണ്മെന്റ് സ്ഥാപനങ്ങളും ഇരുപത് യൂണിവേഴ്‌സിറ്റികളും പരിപാടിയുടെ ഭാഗമാണ്. നൂറു രാഷ്ട്രങ്ങളിൽ നിന്നുള്ള പതിനായിരത്തിലേറെ ആളുകൾ അഞ്ചു ദിവസം നീളുന്ന വാരത്തിൽ പങ്കെടുക്കും.