
പോപ്പിന്റെ ഓർമകളിൽ യുഎഇ
|2019ലായിരുന്നു അറബ് രാഷ്ട്രത്തിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വരവ്
അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ ഓർമയിൽ യുഎഇ. രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ ദേവാലയങ്ങളിൽ പോപ്പിനു വേണ്ടി പ്രത്യേക പ്രാർഥനകൾ നടന്നു. രാഷ്ട്ര നേതാക്കൾ വിയോഗത്തിൽ അനുശോചിച്ചു.
തന്റെ സാന്നിധ്യം കൊണ്ട് അറേബ്യൻ ഉപദ്വീപിൽ പുതിയ ചരിത്രമെഴുതിയ പോപ്പാണ് തിരശ്ശീലയ്ക്ക് പിന്നിലേക്ക് യാത്രയാകുന്നത്. 2019 ഫെബ്രുവരി ഒമ്പതിനായിരുന്നു അറബ് രാഷ്ട്രത്തിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വരവ്. അബൂദബിയിലെ സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിനകത്തും പുറത്തും അന്ന് വിവ എൽ പപ എന്ന കീർത്തനം അലയടിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,80000 വിശ്വാസികളാണ് അന്നവിടെ തടിച്ചു കൂടിയത്.
പോപിന്റെ വിയോഗത്തിന് പിന്നാലെ യുഎഇ രാഷ്ട്ര നേതാക്കൾ പങ്കുവച്ച കുറിപ്പുകളിലും ആ ആത്മബന്ധം നിഴലിച്ചു നിന്നു. യുദ്ധത്തെ തിരസ്‌കരിച്ച, മനുഷ്യരോട് ഐക്യപ്പെട്ട, സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ആഗോള പ്രതീകം എന്നാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
കാരുണ്യവും പ്രതിബദ്ധതയും കൊണ്ട് അനേകം ജീവിതങ്ങളെ സ്പർശിച്ച മഹാൻ എന്നാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പോപിനെ വിശേഷിപ്പിച്ചത്. ലാളിത്യം കൊണ്ടും വിവിധ വിശ്വാസങ്ങൾക്കിടയിലെ ഐക്യം കൊണ്ടും പോപ് ലോകത്തെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.