< Back
UAE
ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു; ദുബൈ യാത്ര ഒമാൻ വഴിയാക്കി പ്രവാസികള്‍
UAE

ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു; ദുബൈ യാത്ര ഒമാൻ വഴിയാക്കി പ്രവാസികള്‍

Web Desk
|
20 Aug 2022 7:13 AM IST

നാലുപേരടങ്ങുന്ന കുടുംബം യാത്രചെയ്യുമ്പോൾ 2000 ദിർഹം അഥവാ 45,000 രൂപവരെ ഇങ്ങനെ ലാഭിക്കാം...

നാട്ടിൽ നിന്ന് ദുബൈയിലേക്കുള്ള മടക്കയാത്രക്ക് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ ഒമാനിലെ വിമാനത്താവളങ്ങൾ വഴി യു.എ.ഇയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർധിക്കുകയാണ്. കുടുംബവുമായി മടങ്ങുന്നവർക്ക് വൻതുക ലാഭിക്കാമെന്ന് മാത്രമല്ല, ഒമാന്‍റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനൊരു അവസരവും ഇതിലൂടെ കൈവരുന്നു എന്നതാണ് ആകർഷണം.

ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയിൽ സ്കൂളുകൾ തുറക്കും. ഈ സമയത്ത് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് 1500 ദിർഹത്തിന് മുകളിലേക്കാണ് നിരക്ക്. എന്നാൽ, കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കോ, കോഴിക്കോട് നിന്ന് സൊഹാറിലേക്കോ യാത്ര ചെയ്യാൻ 600 ദിർഹം മുതൽ 700 ദിർഹം വരെ മതി. അവിടെ നിന്ന് ബസിൽ ദുബൈയിലേക്ക് കുറഞ്ഞ ചെലവിൽ എത്താനും കഴിയും. ഇതാണ് പലരെയും ഒമാനിലൂടെ വളഞ്ഞ വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.

നാലുപേരടങ്ങുന്ന കുടുംബം യാത്രചെയ്യുമ്പോൾ 2000 ദിർഹം അഥവാ 45,000 രൂപവരെ ലാഭിക്കാം. യു.എ.ഇ റെസിഡന്‍റ് വിസക്കാർക്ക് ഒമാൻ ഓൺഅറൈവൽ വിസകൾ ചുരുങ്ങിയ ചെലവിൽ ഓൺലൈനിൽ കിട്ടും. അല്ലാത്തവർക്ക് ടൂറിസ്റ്റ് വിസ ലഭ്യമാക്കാൻ ട്രാവൽസുകൾ രംഗത്തുണ്ട്. കോഴിക്കോട് നിന്ന് സലാം എയർ ദുബൈയോട് അടുത്ത് കിടക്കുന്ന ഒമാൻ വിമാനത്താവളമായ സൊഹാറിലേക്ക് സർവീസ് നടത്തുന്നതും കാര്യങ്ങൾ എളുപ്പമാക്കി. മസ്കത്തിലേക്ക് മടങ്ങുന്നവർക്ക് അവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനുള്ള സൗകര്യവുമുണ്ട്.

Related Tags :
Similar Posts