< Back
UAE
ദുബൈയിലെത്തുന്നു ട്രംപ് ടവർ
UAE

ദുബൈയിലെത്തുന്നു ട്രംപ് ടവർ

Web Desk
|
2 May 2025 11:03 PM IST

റിയൽ എസ്റ്റേറ്റ് കമ്പനി ദാർ ഗ്ലോബലുമായി സഹകരിച്ചാണ് ടവർ നിർമിക്കുക

ദുബൈ: ദുബൈയിൽ കൂറ്റൻ ട്രംപ് ടവർ പ്രഖ്യാപിച്ച് ദ ട്രംപ് ഓർഗനൈസേഷൻ. ദുബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനി ദാർ ഗ്ലോബലുമായി സഹകരിച്ചാണ് ടവർ നിർമിക്കുക. ഒരു ബില്യൺ യുഎസ് ഡോളറാണ് ചെലവ്.

1150 അടി ഉയരം, എൺപത് നിലകൾ, ബുർജ് ഖലീഫയിലേക്കും അറേബ്യൻ കടലിലേക്കുമുള്ള കാഴ്ച, ഏറ്റവും മുകളിൽ ലോകത്തെ ഏറ്റവും ഉയരമുള്ള ഔട്ട് ഡോർ പൂൾ. ദുബൈയുടെ മറ്റൊരു മേൽവിലാസമാകാൻ ഒരുങ്ങുകയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ട്രംപ് ടവർ. ദുബൈയിലെ ഏറ്റവും തിരക്കേറിയ ഡൗൺടൗണിലാണ് ടവർ യാഥാർഥ്യമാകുന്നത്.

ടവറിൽ രണ്ടു കിടപ്പുമുറികളുള്ള അപാർട്മെന്റ് ആർക്കും സ്വന്തമാക്കാം. ഒരു ദശലക്ഷം യുഎസ് ഡോളർ മുതലാണ് വിലയുടെ ആരംഭം. ഏകദേശം എട്ടരക്കോടി ഇന്ത്യൻ രൂപ. നാല് കിടപ്പുമുറികളുള്ള പെന്റ്ഹൗസും ലഭ്യമാണ്. കാശ് കുറച്ചുകൂടി കൂടുമെന്നു മാത്രം. ഇരുപത് ശതമാനം ഡൗൺ പേയ്മെന്റ് അടച്ചാൽ ഇപ്പോൾ തന്നെ അപാർട്മെന്റ് ബുക്ക് ചെയ്യാനുമാകും. ബാക്കി ആറു വർഷം കൊണ്ട് അടച്ചാൽ മതി. കെട്ടിടത്തിന്റെ ആദ്യത്തെ പതിനെട്ട് നില ഹോട്ടലുകളായിരിക്കും. അതിനു മുകളിലായിരിക്കും താമസ സൗകര്യങ്ങൾ.

കറൻസി മാത്രമല്ല, ക്രിപ്റ്റോ കറൻസി വഴിയും ടവറിൽ അപാർട്മെന്റ് ബുക്ക് ചെയ്യാനാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഉപഭോക്താക്കൾക്ക് ഗോൾഡൻ വിസയും വാഗ്ദാനം ചെയ്യുന്നു. ഒരൊറ്റ മാസം കൊണ്ടാണ് ഇത്രയും വലിയ കെട്ടിടത്തിന്റെ അനുമതി കിട്ടിയതെന്ന് ട്രംപിന്റെ മകൻ എറിക് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പശ്ചിമേഷ്യയിലേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഓർഗനൈസേഷൻ ദുബൈയുടെ കണ്ണായ സ്ഥലത്ത് പുതിയ ടവർ നിർമിക്കുന്നത്. ഈ മാസം മധ്യത്തിൽ യുഎഇ അടക്കമുള്ള അറബ് രാഷ്ട്രങ്ങളിൽ ട്രംപ് സന്ദർശനം നടത്തുന്നുമുണ്ട്.

Related Tags :
Similar Posts