< Back
UAE
UAE has provided over Dh370 billion in global humanitarian aid, official reveals
UAE

യുഎഇയുടെ കരുതൽ; ലോകത്തിനു നൽകിയത് 370 ബില്യൺ ദിർഹമിന്റെ സഹായം

Web Desk
|
6 Nov 2025 4:15 PM IST

കണക്കുകൾ വെളിപ്പെടുത്തി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി

ദുബൈ: യുഎഇ ഇതു വരെ ലോകത്തിനു നൽകിയത് 370 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള സഹായങ്ങളെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി. അബൂദബിയിൽ നടന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളുടെ ഏഴാം പതിപ്പിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു റീം. ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകളിലേക്കാണ് ഇതിന്റെ ഫലം എത്തിച്ചേർന്നതെന്നും അവർ വ്യക്തമാക്കി.

​ഗസ്സയ്ക്ക് മാത്രമായി 9.4 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള സഹായങ്ങളാണ് യുഎഇ എത്തിച്ചത്. ഇതിൽ ഒരു ലക്ഷം ടണ്ണിലധികം സഹായവസ്തുക്കളും 3000 പേരെ ചികിത്സയ്ക്കായി യുഎഇയിലെത്തിച്ചതും ഉൾപ്പെടും.

യെമനിൽ പുനർനിർമാണം, അവശ്യ സേവനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ‌26 ബില്യൺ ദിർഹമാണ് സംഭാവന ചെയ്തത്. യുക്രെയ്നിലിത് 385 മില്യൺ ദിർഹത്തിന്റെ സഹായവും 1,000 ടണ്ണിലധികം വരുന്ന സാധനങ്ങളുമാണ്. ഇവയ്ക്ക് പുറമെ, സംഘർഷം ആരംഭിച്ചതിനുശേഷം 4,600-ലധികം യുദ്ധത്തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതിന് യുഎഇ മധ്യസ്ഥതയിൽ നിർണായക പങ്കും വഹിച്ചു.

സുഡാനിൽ 1.5 ബില്യണിലധികം ദിർഹവും മറ്റു സഹായങ്ങളും നൽകിയപ്പോൾ അഫ്ഗാനിസ്ഥാനിൽ 7.3 ബില്യൺ ദിർഹത്തിന്റെ സഹായം നൽകാനായി.

പാകിസ്താനിൽ 700 ദശലക്ഷത്തിലധികം പോളിയോ വാക്സിൻ ഡോസുകൾ യുഎഇ എത്തിച്ചു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് നടത്തിയ പ്രവർത്തനങ്ങളും റീം എടുത്തുകാട്ടി. ആവശ്യമുള്ള രാജ്യങ്ങൾക്ക് മെഡിക്കൽ സപ്ലൈസ് എത്തിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾക്ക് രാജ്യം ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായെന്നും അവർ അവകാശപ്പെട്ടു.

യുഎഇയിൽ നിന്ന് പ്രവർത്തിക്കുന്ന 40-ലധികം ദാതാക്കളുടെയും ചാരിറ്റബിൾ സംഘടനകളുടെയും സഹകരണത്തോടെയാണ് യുഎഇക്ക് ഇതെല്ലാം ചെയ്യാനായതെന്ന് റീം ഊന്നിപ്പറഞ്ഞു. ദുബൈയിൽ മാത്രമായി 80-ലധികം അന്താരാഷ്ട്ര മാനുഷിക സംഘടനകൾ ഉണ്ടെന്നും കൂടുതൽ സഹായങ്ങൾ യുഎഇ തുടരുമെന്നും അവർ വ്യക്തമാക്കി.

Similar Posts