< Back
UAE
UAE minister announces school bus trips now capped at 45–60 minutes
UAE

യുഎഇയിൽ സ്കൂൾ ബസ് യാത്രയ്ക്ക് പുതിയ സമയ പരിധി; 45-1 മണിക്കൂർ പരമാവധി യാത്രാ സമയം

Web Desk
|
11 Feb 2026 9:51 PM IST

കെ.ജി വിദ്യാർഥികൾക്ക് പരമാവധി 45 മിനിറ്റ്

ദുബൈ: യുഎഇയിലെ സ്‌കൂൾ വിദ്യാർഥികളുടെ ബസ് യാത്രാ സമയത്തിൽ പരിധി നിശ്ചയിച്ച് വിദ്യാഭ്യാസ മന്ത്രാലയം. കെ.ജി വിദ്യാർഥികൾക്ക് പരമാവധി 45 മിനിറ്റും മറ്റു കുട്ടികൾക്ക് പരമാവധി ഒരു മണിക്കൂറും മാത്രമാണ് യാത്രാ സമയം അനുവദിക്കുക. കുട്ടികൾ മണിക്കൂറുകളോളം ബസ്സിൽ ചെലവഴിക്കേണ്ടി വരുന്നത് അവരുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് ഈ നടപടി. ഫെഡറൽ നാഷണൽ കൗൺസിലിൽ (FNC) നടന്ന ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരിയാണ് പുതിയ സമയപരിധി പ്രഖ്യാപിച്ചത്. നിലവിൽ ഔദ്യോഗിക റൂട്ടുകളിലൊന്നും രണ്ട് മണിക്കൂറിൽ കൂടുതൽ യാത്രാസമയമില്ലെന്ന് മന്ത്രി അറിയിച്ചു.

ഈ അധ്യയന വർഷത്തെ ആദ്യ പാദത്തിൽ 98.5 ശതമാനം ബസ്സുകളും നിശ്ചിത സമയപരിധി പാലിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അപകടങ്ങൾ, മോശം കാലാവസ്ഥ തുടങ്ങിയ നിയന്ത്രണാതീതമായ കാരണങ്ങളാൽ ചില ദിവസങ്ങളിൽ യാത്ര വൈകാൻ സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, രക്ഷിതാക്കൾ കുട്ടികളുടെ സ്കൂൾ രജിസ്ട്രേഷൻ വൈകിപ്പിക്കുന്നത് ബസ് റൂട്ടുകൾ കൃത്യമായി പ്ലാൻ ചെയ്യുന്നതിന് തടസ്സമാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്‌കൂൾ ഗതാഗത സംവിധാനം നിരീക്ഷിക്കുന്നതിനായി മന്ത്രാലയം പ്രത്യേക 'ട്രാൻസ്‌പോർട്ട് ക്വാളിറ്റി യൂണിറ്റ്' രൂപീകരിച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കാനും യാത്ര കൂടുതൽ സുരക്ഷിതമാക്കാനും ഈ യൂണിറ്റ് നിരന്തരമായി റൂട്ടുകൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Similar Posts