< Back
UAE
UAE Presidents visit to India; UAE to work with India in defense and energy sectors
UAE

യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം; പ്രതിരോധ-ഊർജ മേഖലകളിൽ ഇന്ത്യയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ യുഎഇ

Web Desk
|
20 Jan 2026 9:16 AM IST

ഉഭയകക്ഷി വ്യാപാരം 2030 ഓടെ 20,000 കോടി ഡോളറിലെത്തിക്കുക ലക്ഷ്യം

ദുബൈ: പ്രതിരോധ-ഊർജ മേഖലകളിൽ ഇന്ത്യയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. 2030 ഓടെ ഉഭയകക്ഷി വ്യാപാരം 20,000 കോടി ഡോളറിലെത്തിക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.

ഹ്രസ്വ സന്ദർശനത്തിനായാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഇന്ത്യയിൽ എത്തിയത്. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ ഊർജ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം ആധുനിക ന്യൂക്ലിയർ സാങ്കേതികവിദ്യ, എ.ഐ, പ്രതിരോധ-ബഹിരാകാശ മേഖലകളിൽ കൈകോർക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയും വർധിപ്പിക്കും.

നിക്ഷേപ മേഖലയിൽ കരുത്ത് പകരാൻ യു.എ.ഇയിലെ ഫസ്റ്റ് അബൂദബി ബാങ്ക്, ഡി.പി വേൾഡ് എന്നിവയുടെ ഓഫീസുകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ തുറക്കാനും തീരുമാനമായി. ഡൽഹിയിലെത്തിയ യുഎഇ പ്രസിഡണ്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

തന്റെ സഹോദരനെ സ്വീകരിച്ചു എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ എക്സില്‍ പങ്കുവെച്ചത്. ഇത് മൂന്നാം തവണയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിക്കുന്നത്. യുഎഇ പ്രസിഡന്റിന്റെ സന്ദർശനം ഇന്ത്യ- യുഎഇ ഉഭയകക്ഷി ബന്ധത്തിൽ നിർണായക വഴിത്തിരിവാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാകും എന്നാണ് വിലയിരുത്തൽ.

Similar Posts