< Back
UAE
Special committee to strengthen Islamic finance and halal industry in UAE
UAE

ഗസ്സ; യുഎസ് സമീപനം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ

Web Desk
|
12 Feb 2025 10:36 PM IST

ട്രംപിന്റെ നിലപാട് ഒറ്റക്കെട്ടായി തള്ളി അറബ് ലോകം

ദുബൈ: ഗസ്സ വിഷയത്തിൽ യുഎസ് സ്വീകരിക്കുന്ന നിലവിലെ സമീപനം അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ. പ്രസിഡണ്ട് ട്രംപുമായി ചേർന്ന് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യുഎസിലെ യുഎഇ അംബാസഡർ വ്യക്തമാക്കി. ദുബൈയിൽ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയിൽ സംസാരിക്കവെ, യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഉതൈബയാണ് ഗസ്സയിലെ യുഎസ് സമീപനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചത്. വൈറ്റ് ഹൗസിൽ ആര് അധികാരത്തിൽ വരുന്നു എന്നതിനെ ആശ്രയിച്ചല്ല യുഎഇയുടെ നയതന്ത്ര സമീപനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ നിലവിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാട് പ്രയാസമേറിയതാണ്. അന്തിമമായി പ്രശ്‌നത്തിന് പരിഹാരമുണ്ടാകണം. എവിടെയാണ് ഇതവസാനിക്കുക എന്ന് വ്യക്തമായ ധാരണയില്ല. ചിലപ്പോൾ സുഹൃത്തുക്കൾ കാര്യങ്ങൾ കേൾക്കും. ചിലപ്പോൾ കേൾക്കില്ല. ചില നിലപാടുകൾ നമ്മൾ അംഗീകരിക്കും. ചിലപ്പോൾ വിയോജിക്കേണ്ട സാഹചര്യമുണ്ടാകും. ഗസ്സയിൽ ട്രംപ് ഭരണകൂടവുമായി ചേർന്ന് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്- യൂസഫ് അൽ ഉതൈബ വ്യക്തമാക്കി.

അതിനിടെ, അറബ് ലീഗും ജിസിസി കൂട്ടായ്മയും ട്രംപിന്റെ നിലപാട് തള്ളി. ഇസ്രായേലിനും അറബ് രാഷ്ട്രങ്ങൾക്കുമിടയിൽ ട്രംപ് പുതിയ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുൽ ഗൈസ് കുറ്റപ്പെടുത്തി. പ്രദേശവാസികളെ കുടിയൊഴിപ്പിക്കാതെ തന്നെ ഗസ്സയുടെ പുനർനിർമാണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനികളെ ഒഴിപ്പിച്ചുള്ള പരിഹാരം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഗൾഫ് കോപറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും പറഞ്ഞു.

ഫലസ്തീനികളെ കുടിയിറക്കി ഗസ്സയെ ഏറ്റെടുക്കാമെന്ന യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ യുഎഇ തള്ളിയിരുന്നു. ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം മാത്രമാണ് പ്രശ്‌നത്തിനുള്ള ഏക പോംവഴി എന്നാണ് യുഎഇയുടെ പ്രഖ്യാപിത നിലപാട്.

Similar Posts