
ഗസ്സയ്ക്കുള്ള 5820 ടൺ സഹായ വസ്തുക്കളുമായി യുഎഇ കപ്പൽ ഈജിപ്തിൽ
|ഇവിടെ നിന്ന് കരാതിർത്തി വഴി സഹായം ഗസ്സയിലെത്തിക്കും
ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് സഹായവുമായി വീണ്ടും യുഎഇ കപ്പൽ. ആറായിരത്തോളം ടൺ അവശ്യവസ്തുക്കൾ വഹിച്ചുള്ള കപ്പൽ ഈജിപ്തിലെ അൽ അരീഷ് തുറമുഖത്തെത്തി. ഇവിടെ നിന്ന് കരാതിർത്തി വഴി സഹായം ഗസ്സയിലെത്തിക്കും.
ഭക്ഷണം, മരുന്ന്, ഈത്തപ്പഴം, ടെന്റുകൾ തുടങ്ങി 5820 ടൺ അവശ്യവസ്തുക്കളാണ് സായിദ് ഹ്യുമാനിറ്റേറിയന്റെ നേതൃത്വത്തിലയച്ച കപ്പലിലുള്ളത്. സഹായവുമായി ഗസ്സയിലേക്ക് യുഎഇ അയയ്ക്കുന്ന ഏഴാമത്തെ കപ്പലാണ് കഴിഞ്ഞ ദിവസം ഈജിപ്തിലെത്തിയത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ അഹ്‌മദ് അൽ സാരി അൽ മസ്‌റൂഇയും ഈജിപ്ത് അധികൃതരും ചേർന്ന് കപ്പലിനെ സ്വീകരിച്ചു.
ഫലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കുന്നതിനായി യുഎഇ പ്രഖ്യാപിച്ച ഓപറേഷൻ ഷിവൽറസ് നൈറ്റ് ത്രീയുടെ ഭാഗമായി, മാർച്ച് ഒന്നിന് അൽ ഹംറിയ്യ തുറമുഖത്തു നിന്നാണ് കപ്പൽ യാത്രയാരംഭിച്ചത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ്, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ഫൗണ്ടേഷൻ തുടങ്ങിയ നിരവധി സന്നദ്ധ സംഘടനകൾ സഹായ ദൗത്യത്തിന്റെ ഭാഗമാണ്.
അൽ അരീഷ് തുറമുഖത്തു നിന്ന് കരാതിർത്തി വഴി ലോറികളിൽ സഹായം ഗസ്സയിലെത്തിക്കും. ജനുവരി 19ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം യുഎഇയുടെ നൂറിലധികം ട്രക്കുകളാണ് ഗസ്സയിൽ പ്രവേശിച്ചത്. 1440 ടൺ സഹായവസ്തുക്കൾ വിതരണം ചെയ്തു. വടക്കൻ സീനായി പ്രവിശ്യയിലെ അൽ അരീഷ് നഗരത്തിൽ നിന്നാണ് യുഎഇ സഹായദൗത്യം ഏകോപിപ്പിക്കുന്നത്. ഗസ്സയ്ക്കുള്ളിൽ റെഡ്‌ക്രോസ് അടക്കമുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളുമായി ചേർന്നാണ് യുഎഇ ദൗത്യ സംഘം പ്രവർത്തിക്കുന്നത്.