
സുഡാനിൽ യുഎൻ സുരക്ഷാസേന സപ്പോർട്ട് ബേസിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
|ആക്രമണത്തിൽ ബംഗ്ലാദേശ് സേനയിലെ അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു
ദുബൈ: സുഡാനിലെ കടുഗ്ലിയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സുരക്ഷാ സേനയുടെ ലോജിസ്റ്റിക്സ് സപ്പോർട്ട് ബേസിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ബംഗ്ലാദേശി സമാധാന സേനയുടെ അംഗങ്ങൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാതരം ആക്രമണങ്ങളെയും യു.എ.ഇ നിരാകരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും സുരക്ഷാ കൗൺസിൽ പ്രമേയം 2802 ന്റെയും ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സമാധാനപാലന സേനകളോടും അതിൽ പങ്കെടുക്കുന്ന രാജ്യങ്ങളോടും യുഎഇ പൂർണ സാഹോദര്യം പ്രകടിപ്പിക്കുന്നതായി അറിയിച്ചു. സുരക്ഷയും സമാധാനവും നിലനിർത്തുന്നതിനും സംഘർഷ മേഖലകളിൽ മാനുഷിക സഹായം നൽകുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതായും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ആക്രമണത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, ബംഗ്ലാദേശ് ജനാധിപത്യ റിപ്പബ്ലിക്കിന്റെ താത്കാലിക ഗവൺമെന്റ്, ബംഗ്ലാദേശ് ജനത, ഐക്യരാഷ്ട്രസഭ എന്നിവരോട് യുഎഇ അനുശോചനവും രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും ആശംസിച്ചു.