< Back
UAE
യുഎഇയിൽ പലയിടത്തും മഴയും പൊടിക്കാറ്റും: ജാഗ്രതാ നിർദേശം
UAE

യുഎഇയിൽ പലയിടത്തും മഴയും പൊടിക്കാറ്റും: ജാഗ്രതാ നിർദേശം

Web Desk
|
6 July 2022 10:01 PM IST

യുഎഇയുടെ കിഴക്കൻ മേഖലയിലാണ് ശക്തമായ മഴ ലഭിച്ചതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദുബൈ: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. പലയിടത്തും മഴയും പൊടിക്കാറ്റും ശക്തമാണ്. അടുത്തദിവസങ്ങളിലും രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെമ്പാടും ഇന്ന് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

യുഎഇയുടെ കിഴക്കൻ മേഖലയിലാണ് ശക്തമായ മഴ ലഭിച്ചതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഐനിലെ അൽ ഹൈലി, അൽ ശിക്ല പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. ഇവിടങ്ങളിൽ റോഡുകളും മറ്റും മഴയിൽ മുങ്ങി. മഴ ലഭിക്കാനായി നടത്തിയ ക്ലൗണ്ട് സീഡിങും മഴ കനക്കാൻ കാരണമായി.

വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. മഴ പെയ്തതോടെ പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞു. മഴ തുടരാൻ സാധ്യതയുള്ളതിനാൽ അബൂദബി മേഖലയിൽ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും ആവശ്യപ്പെട്ടു. നല്ല കാറ്റുള്ളതിനാൽ മാലിന്യങ്ങളും പറക്കുന്ന വസ്തുക്കളും വാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Related Tags :
Similar Posts