
വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു
|ദുബൈ ന്യൂ സോനാപൂരിലായിരുന്നു ചടങ്ങ്
ദുബൈ: ഷാർജയിൽ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദുബൈയിൽ സംസ്കരിച്ചു. വൈകുന്നേരം ജബൽഅലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനായേക്കും.
പത്ത് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് വൈകുന്നേരം നാലരയോടെ ഒന്നരവയസുകാരി വൈഭവിയുടെ മൃതദേഹം ന്യൂ സോനാപൂരിലെ ശ്മശാനത്തിലെത്തിച്ചത്. കുഞ്ഞിന്റെ പിതാവ് നിധീഷ് വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരൻ വിനോദ് എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കുടുംബങ്ങൾ തമ്മിലെ ധാരണയനുസരിച്ച് മതാചാര പ്രകാരമായിരുന്നു ചടങ്ങ്. മകളുടെ മൃതദേഹം കൈയിലെടുത്ത് അലറിക്കരയുന്ന പിതാവ് നിധീഷ് ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ കണ്ണുനനയിച്ചു.
വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ സംസ്കരിക്കാനാണ് തീരുമാനം. നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ചയോടെ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞേക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വിപഞ്ചികയുടെ കുടുംബം നൽകിയ ഹരജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കി. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന മധ്യസ്ഥത ചർച്ചയിൽ വിപഞ്ചികയുടെ മൃതദേഹം യുഎഇയിൽ നിന്ന് നാട്ടിലെത്തിക്കാൻ തീരുമാനമായെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.