< Back
UAE
Special committee to strengthen Islamic finance and halal industry in UAE
UAE

ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് മാറ്റുന്ന ഒരു നീക്കത്തെയും പിന്തുണയ്ക്കില്ല: യുഎഇ

Web Desk
|
6 Feb 2025 9:28 PM IST

'ശാശ്വതപരിഹാരം സ്വതന്ത്ര ഫലസ്തീൻ മാത്രം'

ദുബൈ: ഫലസ്തീനികളെ സ്വന്തം നാട്ടിൽ നിന്ന് പുറന്തള്ളാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്ന് യുഎഇ. ജനതയെ കുടിയിറക്കി ഗസ്സയെ ഏറ്റെടുക്കാമെന്ന യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോടാണ് യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഫലസ്തീനികളുടെ അനിഷേധ്യമായ അവകാശങ്ങൾക്കു മേലുള്ള ഒരു കടന്നുകയറ്റവും അനുവദിക്കില്ലെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നത് മാത്രമാണ് ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നത്തിനുള്ള ശാശ്വതപരിഹാരമെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു.

നയതന്ത്ര ശ്രമങ്ങളിലൂടെയും രാഷ്ട്രീയ സംഭാഷണങ്ങളിലൂടെയാണ് പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത്. സമാധാനത്തിനായി അന്താരാഷ്ട്ര ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ട്. ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും സമാധാനം ഉറപ്പാക്കുന്ന ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും പ്രസ്താവന പറയുന്നു.

ഫലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് കുടിയിറക്കാനുള്ള ഏതൊരു നീക്കത്തെയും യുഎഇ നിരാകരിക്കുന്നു. പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയായ അനധികൃത കുടിയേറ്റം നിർത്തണം. അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമായ ഈ നിയമലംഘനങ്ങൾ ഇല്ലാതാക്കാൻ ഐക്യരാഷ്ട്ര സഭയും യുഎൻ രക്ഷാസമിതിയും ഇടപെടേണ്ടതുണ്ടെന്നും യുഎഇ വ്യക്തമാക്കി.

ഫലസ്തീനികൾ സമീപത്തുള്ള അറബ് രാഷ്ട്രങ്ങളിലേക്ക് പോകണമെന്നും ഗസ്സ യുഎസ് ഏറ്റെടുത്ത് പുനർനിർമിക്കാം എന്നുമായിരുന്നു ട്രംപിന്റെ വാഗ്ദാനം. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രസ്താവനയെ അറബ് രാഷ്ട്രങ്ങൾ ഒന്നാകെ തള്ളിയിരുന്നു.

Similar Posts